ന്യൂഡൽഹി: സൗമ്യ വധക്കേസിലെ ജീവപര്യന്തം ശിക്ഷ ഒഴിവാക്കി കിട്ടാൻ ചാർളി തോമസ് റിവ്യൂ ഹർജ്ജി നൽകുന്നു. 376 ആം വകുപ്പ് പ്രകാരം ഹൈക്കോടതി ജീവപര്യന്തം ശിക്ഷ നൽകിയ നടപടി സുപ്രീം കോടതി പരിശോധിയ്ക്കാത്ത സാഹചര്യത്തിലാണ് ഗോവിന്ദ ചാമിയുടെ നടപടി. റിവ്യൂ ഹർജ്ജി അടുത്ത ആഴ്ച ആദ്യം നൽകിയേക്കും എന്ന് ചാർളിയുടെ അഭിഭാഷകൻ ബി.എ ആളൂർ ജനം ടി.വി യോട് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പതിനാല് വകുപ്പുകൾ പ്രകാരമാണ് തൂക്കുകയർ ഉൾപ്പെടെയുള്ള ശിക്ഷകൾ ചാർളി തോമസിന് വിചാരണക്കോടതി നൽകിയത്. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. തുടർന്നാണ് അപ്പീൽ ഹർജ്ജിയുമായി ചാർളി തോമസ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് സിറ്റിംഗുകളിലായി സുപ്രീം കോടതിയിൽ അപ്പീൽ ഹർജ്ജിയിലെ വാദം പൂർത്തിയാകുകയും വിധി പ്രഖ്യാപിയ്ക്കുകയും ചെയ്തു. എന്നാൽ 376 ആം വകുപ്പ് പ്രകാരമുള്ള ശിക്ഷയുമായി ബന്ധപ്പെട്ട് അപ്പീലിൽ ഉന്നയിച്ച കാര്യങ്ങൾ കോടതി പരിശോധിച്ചില്ല.
ഇത് പഴുതാക്കി സുപ്രീം കോടതിയിൽ റിവ്യു ഹർജ്ജി നൽകാനാണ് ചാർളിയുടെ ശ്രമം. അടുത്ത ആഴ്ച തന്നെ റിവ്യു ഹർജ്ജി നൽകിയേക്കും എന്ന് ചാർളി തോമസിന്റെ അഭിഭാഷകൻ ബി.എ.ആളൂർ ജനം ടി.വി യോട് പറഞ്ഞു. 376 ആം വകുപ്പുമായി ബന്ധപ്പെട്ട വിചാരണ അപ്പീൽ ഹർജ്ജിയിൽ നടന്നിട്ടില്ലെന്ന വാദം സാങ്കേതിക പിഴവായി ചൂണ്ടിക്കാട്ടാനാണ് ആളൂരിന്റെയും സംഘത്തിന്റെയും നീക്കം. ഇത് അംഗീകരിച്ച് റിവ്യു അനുവദിച്ചാൽ മറ്റു ശിക്ഷകൾ നിർത്തിവയ്ക്കണം എന്ന് ചാർളിയ്ക്ക് അഭ്യർത്ഥിയ്ക്കാം. ജാമ്യം അനുവദിയ്ക്കണമെന്നത് ഉൾപ്പടെയുള്ള ആവശ്യമാകും ഇപ്രകാരം ഒരു സാഹചര്യത്തിൽ ചാർളി തോമസ് ഉന്നയിക്കുക. 376 ആം വകുപ്പിലെ ജീവപര്യന്തം ഒഴിച്ചു നിർത്തിയാൽ 7 വർഷത്തെ കഠിന തടവാണ് ശേഷിയ്ക്കുന്ന വലിയ ശിക്ഷ. 5 വർഷത്തിലെറെയായി ഇതിനകം ചാർളി തോമസ് ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു.