ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ബലൂചിസ്ഥാനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം പാകിസ്ഥാനെ വിറപ്പിച്ചെന്ന് ബലൂച് നേതാവ് മെഹ്രാൻ മാരി. യു എൻ മനുഷ്യാവകാശ കമ്മീഷനിലെ ബലൂച് പ്രതിനിധിയാണ് മാരി. മോദിയുടെ പരാമർശത്തിന് ശേഷം ബലൂച് മേഖലകളിൽ പകിസ്ഥാൻ സൈനിക വിന്യാസം വർദ്ധിപ്പിച്ചത് ഇതിന് തെളിവാണെന്നും മാരി.
ബലൂച് ജനങ്ങൾ ഇക്കാര്യത്തിന് ഭാരതത്തോട് എന്നും കടപ്പെട്ടവരാണെന്ന് മാരി പറഞ്ഞു. യു എൻ മനുഷ്യാവകാശ കമ്മീഷനിൽ ഉന്നയിച്ചതിനോടൊപ്പം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും ബലൂച് വിഷയം പരാമർശിച്ചത് സന്തോഷം നൽകുന്നതാണ് . ഭാരതം ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മാരി വ്യക്തമാക്കി.
പാകിസ്ഥാന്റെ വൃത്തികെട്ട കളികൾ നന്നായി അറിയാവുന്ന അമേരിക്കയിൽ നിന്നും അനുകൂല തീരുമാനം തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് . ഇക്കാര്യത്തിൽ ഭാരതത്തോടും അഫ്ഗാനിസ്ഥാനോടുമൊപ്പം അമേരിക്കയും അണിചേരണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും മാരി പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ മുപ്പത്തിമൂന്നാം സമ്മേളനത്തിലാണ് യു.എന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ ഈ വിഷയം ഉന്നയിച്ചത്. യു.എന്നിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാകുന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.ബലൂചിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും മനുഷ്യാവകാശങ്ങൾ മാനിക്കാനും, സമാധാനം നിലനിർത്താനും പാകിസ്ഥാൻ തയ്യാറാകണമെന്നും ഭാരതം ആവശ്യപ്പെട്ടിരുന്നു.
ആഗോളതലത്തിൽ ഭീകരവാദം കയറ്റുമതി ചെയ്യുന്നതിന്റെ ആസ്ഥാനം പാകിസ്ഥാനാണ്. കശ്മീരിൽ തുടരുന്ന സംഘർഷങ്ങൾക്കു പിന്നിൽ പ്രവർത്തിയ്‌ക്കുന്ന പ്രേരകശക്തിയും പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനങ്ങളാണ്. പാകിസ്ഥാന്റെ നയം തന്നെ തീവ്രവാദമാണെന്ന നിലയിലേയ്‌ക്കാണെത്തിയിരിക്കുന്നത്. 1989 മുതൽ വിഘടനവാദികളെയും, തീവ്രവാദികളെയും പിന്തുണയ്‌ക്കുന്ന നയമാണ് പാകിസ്ഥാൻ സ്വീകരിച്ചു പോരുന്നത്. അജിത് കുമാർ പറഞ്ഞു.
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബലൂച് വിഷയം പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി ബലൂച് സ്വാതന്ത്ര്യസമര സേനാനികളാണ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.