കോഴിക്കോട്: ജാതീയതയുടെ അടയാളങ്ങള്‍ ഇന്ന് അവശേഷിക്കുന്നത് സി.പി.എം നേതാക്കളിലാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ശ്രീനാരായണഗുരുദേവന്റെ മഹത്വം മനസിലാക്കാനും അദ്ദേഹത്തെപ്പറ്റി വീണ്ടുവിചാരമുണ്ടാകാനും സി.പി.എം നേതൃത്വത്തിന് ഒരു നൂറ്റാണ്ടു വേണ്ടി വന്നുവെന്നും, എന്നാല്‍ ശ്രീനാരായണഗുരുവിനെ ചുവപ്പുടുപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ബി.ജെ.പി ഉള്‍ക്കൊണ്ടത് ആദ്യമായല്ല, ജനസംഘത്തിന്റെ കാലം മുതല്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ രാജ്യവ്യാപകമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ ഗുരുവിനെക്കുറിച്ചുള്ള നിലാപാടു മാറ്റിയ സാഹചര്യത്തില്‍ ഗുരുവിനെ ആശയപരമായും ശ്രീനാരായണീയരെ കായികമായും നേരിട്ട സി.പി.എം നടപടിയില്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
ജാതീയതയുടെ അടയാളങ്ങള്‍ ഇന്ന് അവശേഷിക്കുന്നത് സി.പി.എം നേതാക്കളിലാണ്. ബി.ജെ.പി ജീവിതംകൊണ്ടാണ് ജാതീയതയ്‌ക്ക് എതിരെ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമി ഉള്‍പ്പെടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കുന്നതില്‍ എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണയുണ്ട്.
വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം വേണമെന്നാണ് ബി.ജെ.പി നിലപാടെന്നും അതേസമയം ക്ഷേത്ര ആചാരങ്ങളില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ദേവസ്വം എക്‌സിക്യൂട്ടീവ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.