പാലക്കാട്: സൗമ്യ വധക്കേസിൽ സംസ്ഥാന ഗവണ്മെന്റിനുണ്ടായ വീഴ്ച മറച്ചു വയ്ക്കുന്നതിനാണ് സി.പി.എം വധശിക്ഷയിൽ കേന്ദ്രീകരിച്ച ചർച്ച ഉയർത്തിക്കൊണ്ടു വരുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സൗമ്യയുടെ അമ്മയെ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ചാർളി തോമസിന് വധശിക്ഷ ഉറപ്പു വരുത്താൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.
ജില്ലാ കോടതിയും, ഹൈക്കോടതിയും വധശിക്ഷ ശരി വച്ചപ്പോൾ എതിർക്കാതിരുന്ന സി.പി.എം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വധശിക്ഷക്കെതിരെ നിലപാടെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും, സ്റ്റാൻഡിങ് കൗൺസിലിനെ മാറി വന്ന സർക്കാർ പിരിച്ചു വിടുകയാണുണ്ടായതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേസന്വേഷിച്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുവാനോ, സ്റ്റാൻഡിങ് കൗൺസിൽ വേണ്ട രീതിയിൽ ഏകോപിപ്പിക്കുവാനോ സർക്കാർ തയ്യാറായില്ലെന്നും മുൻ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ കൊലപാതകം നടത്തിയതിനു പരിപൂർണ്ണ തെളിവുകൾ ഉണ്ടായിട്ടും തെളിവുകൾ എവിടെ എന്ന് സുപ്രീംകോടതി ആരാഞ്ഞത് കേസ് വാദിച്ച വക്കീലിന്റെ പിടിപ്പുകേടാണെന്നും, ചാർളി തോമസിന് വധശിക്ഷ ഉറപ്പു വരുത്താൻ സുപ്രീംകോടതിയെത്തന്നെ സമീപിക്കുമെന്നും, ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു. മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഉമ്മൻചാണ്ടിക്കൊപ്പം സൗമ്യയുടെ വീട്ടിലെത്തി.