കോഴിക്കോട്: ബി.ജെ.പി ദേശീയകൗണ്‍സില്‍ നടക്കുന്ന കോഴിക്കോട് നഗരത്തില്‍ സര്‍വലയന്‍സ് ക്യാമറകള്‍ കണ്ണടച്ചത് സുരക്ഷയ്ക്ക് ഭീഷണിയാവുന്നു. നഗരത്തില്‍ സ്ഥാപിച്ച 76 ക്യാമറകളില്‍ പ്രവര്‍ത്തിക്കുന്നത് 14 എണ്ണം മാത്രം. ക്യാമറ കണ്ണടച്ചതോടെ ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൊലീസും കെല്‍ട്രോണും ഒഴിഞ്ഞുമാറുകയാണ്.
പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും പങ്കെടുക്കുന്ന മൂന്നുദിവസത്തെ പരിപാടിയാണ് കോഴിക്കോട്ട് നടക്കുന്നത്. അതിനാല്‍ നഗരം അതീവ സുരക്ഷിതമാവേണ്ട സാഹചര്യം നിലനില്‍ക്കെ നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ ക്യാമറകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. ക്യാമറകളുടെ നടത്തിപ്പു ചുമതലയുള്ള കെല്‍ട്രോണിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കാലാവധി കഴിഞ്ഞതും കാലഹരണപ്പെട്ടവ മാറ്റി സ്ഥാപിക്കാത്തതുമാണ് കാരണമെന്നു കെല്‍ട്രോണ്‍ പറയുന്നു. അറ്റകുറ്റപ്പണി ഇനത്തിലും മറ്റുമായി അരക്കോടിയിലേറെ രൂപ കെല്‍ട്രോണിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കാനുണ്ട്.
പൊലീസ് കണ്ട്രോള് റൂമില്‍ ഇരുന്നുകൊണ്ട് നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കാവുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള ക്യാമറ, ട്രാഫിക് വയലേഷന്‍ മാത്രമല്ല, കുറ്റകൃത്യങ്ങള്‍ തടയാനും ഒരു പരിധിവരെ സഹായിച്ചിരുന്നു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ക്യാമറകള്‍ സ്ഥാപിച്ചതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഒപ്പിയെടുക്കാനും, വാഹനങ്ങളുടെ നമ്പര്‍ സൂം ചെയ്ത് കണ്ടെത്താനും സാധിച്ചിരുന്നു.
തൊണ്ടയാട്, മലാപ്പറമ്പ് തുടങ്ങി ഇതര ജില്ലകളിലേക്ക് കടക്കാവുന്ന പ്രധാന കേന്ദ്രങ്ങളില്‍ ക്യാമറകള്‍ കണ്ണടച്ചത് നഗര സുരക്ഷയ്ക്ക് ഭീഷണിയാവുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളും വാഹനങ്ങളും സമ്മേളനത്തോട് അനുബന്ധിച്ച് നഗരത്തില്‍ എത്തുമ്പോള്‍ കര്‍ശന നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും നല്‍കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ ജില്ലാഭരണകൂടത്തിനോ വ്യക്തമായ ധാരണയില്ല. ക്യാമറ പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്ന് ജില്ലാ പൊലീസ് മേധാവി ഉമാ ബഹ്റ പറയുമ്പോള്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാലാവധി കഴിഞ്ഞെന്നും പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കേണ്ട തുക ഇതുവരെ നല്‍കിയിട്ടില്ലെന്നും കെല്‍ട്രോണും പറയുന്നു. രണ്ടുകൂട്ടരും പരസ്പരം പഴിചാരുമ്പോള്‍ നഗരസുരക്ഷ അകലുകയാണ്.