ന്യൂഡൽഹി : അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തെ പിന്തുണച്ചില്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ബുഷ് ഭരണകൂടം ബോംബിട്ട് തകർത്തേനെയെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് ബുഷ് ഭരണകൂടം ഇങ്ങനെ ഭീഷണി മുഴക്കിയത് . പാകിസ്ഥാനെ ശിലായുഗത്തിലേക്ക് തിരികെയെത്തിക്കുമെന്നായിരുന്നു ഭീഷണിയെന്നും പർവേസ് മുഷറഫ് പറഞ്ഞു.
അമേരിക്കയ്‌ക്ക് വ്യോമതാവളം അനുവദിക്കുവാൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ലെങ്കിൽ ഇന്ത്യ അത് ചെയ്യുമായിരുന്നു. അക്കാലത്ത് താൻ വളാരെയധികം സമ്മർദ്ദം അനുഭവിക്കേണ്ടി വന്നുവെന്നും മുഷറഫ് പറഞ്ഞു. കശ്മീർ പ്രശ്നം പരിഹരിക്കാൻ വാജ്പേയിയുമായും മന്മോഹനുമായും ക്രിയാത്മകമായ ചർച്ചകൾ നടത്താൻ കഴിഞ്ഞുവെന്നും മുഷറഫ് അവകാശപ്പെട്ടു. ലണ്ടനിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഷറഫ്.
ബേനസീറിനെ പാകിസ്ഥാനിലേക്ക് തിരിച്ചു വിളിക്കണമെന്ന് അമേരിക്കയും നവാസ് ഷെരീഫിനെ തിരിച്ചു വിളിക്കണമെന്ന് സൗദി അറേബ്യയും നിർബന്ധം പിടിച്ചുവെന്നും മുഷറഫ് കൂട്ടിച്ചേർത്തു.