കൊച്ചി: സൗമ്യ വധക്കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും വിവാദത്തില്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്റ്ററോട് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.
സൗമ്യ വധക്കേസില്‍ ആരാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന വിവാദമായിരുന്നു തുടക്കത്തില്‍. സീനിയര്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷും തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ലി വാസുവും തമ്മിലായിരുന്നു തര്‍ക്കം. ഡോ. ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍ സൗമ്യയുടെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ഡോ. രാജേന്ദ്രപ്രസാദ് താന്‍ ഉന്മേഷിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നതായി മൊഴി നല്‍കി. പക്ഷേ, ഇതെല്ലാം അവഗണിക്കപ്പെട്ടു. ഒടുവില്‍ ഡോ. ഉന്മേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പോസ്റ്റ്‌മോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഇതോടെ സൗമ്യ വധിക്കേസില്‍ പ്രതി ചാര്‍ളി തോമസിനെ രക്ഷപ്പെടുത്താന്‍ അട്ടിമറി നടന്നതായി സൂചനയുണ്ട്. കേസിന്റെ വിചാരണ ഘട്ടം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും സുപ്രീംകോടതിയിലെത്തിയപ്പോഴാണ് വ്യക്തമാകുന്നത്. തിരുത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്.