ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ വനിതാ എം.എൽ.എ സരിതാ സിങിനെതിരേ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പരാതി. സർക്കാർ ജോലി നൽകാമെന്നു വാഗ്ദാനം നൽകി 9 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് ഷക്കീൽ എന്നയാൾ നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം ആരോപണം കെട്ടിച്ചമച്ചതാണെന്ന് എം.എൽ.എ പ്രതികരിച്ചു.
ഷക്കീലും ഒപ്പം മറ്റു രണ്ടു പേരും പൊലീസ് സ്റ്റേഷനിലെത്തി എം.എൽ.എ സരിതാ സിങ് തങ്ങൾക്കു ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി നൽകുകയായിരുന്നുവെന്നും, പരാതി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡൽഹി നോർത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മീഷണർ എ.കെ.സിംഗ്ല അറിയിച്ചു. അതേസമയം ഷക്കീലിന്റെ പരാതിയിന്മേൽ ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നാണ് സരിതാ സിങ് പ്രതികരിച്ചത്. തന്റെ ഒപ്പും ലെറ്റർപാഡും വ്യാജമായി നിർമ്മിച്ച് 7.5 ലക്ഷം രൂപ തിരിമറി നടത്തിയതിന് പാർട്ടിയിൽ നിന്നു പുറത്താക്കിയ ആളാണ് ഷക്കീലെന്നും അവർ ആരോപിച്ചു. ഷക്കീലിനെതിരേ സരിത നൽകിയ പരാതിയിൽ, വഴിവിളക്കുകളുടെ സ്ഥാപനത്തിനായി കരാർ നൽകിയതുമായി ബന്ധപ്പെട്ട ഷക്കീൽ കമ്മീഷൻ കൈപ്പറ്റിയതായാണ് ആരോപണം.
ഇരുവർക്കുമെതിരേ വധഭീഷണി മുഴക്കിയതിനു കേസ് നിലവിലുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.