കോഴിക്കോട്: ആഗോള ഭീകരതയുടെ ആസ്ഥാനമായി പാകിസ്ഥാൻ മാറിയെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഭീഷണിയായി മാറി. തീവ്രവാദം ദേശീയ അജണ്ടയായി സ്വീകരിച്ച രാജ്യമാണ് പാകിസ്ഥാൻ. പാകിസ്ഥാനെ തീവ്രവാദ രാഷ്‌ട്രമായി പ്രഖ്യാപിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും രാംമാധവ് ആവശ്യപ്പെട്ടു. കോഴിക്കാട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ഉറിയിലുണ്ടായ സംഭവത്തെ കേന്ദ്രം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന് അനുയോജ്യമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത് നടക്കാൻ പോകുന്ന ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിൽ ഇക്കാര്യം ഇന്ത്യ ഉന്നയിക്കും. ഉറി അക്രമത്തിന്റെ പേരിൽ പാകിസ്ഥാൻ സമാധാനം പറയണം. ഇന്ത്യയോട് മാത്രമല്ല ലോകത്തോട് മുഴുവൻ സമാധാനം പറയാൻ പാകിസ്ഥാൻ തയ്യാറാകണം. സ്വന്തം ജനങ്ങളെ പോലും സൈന്യത്തേയും ഐ.എസ്.ഐയെും ഉപയോഗിച്ച് കൊന്നൊടുക്കുകയാണ് പാകിസ്ഥാൻ. ബലൂചിസ്ഥാൻ, സിന്ധ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്.
നയതന്ത്രതലത്തിലുള്ള സമാധാനശ്രമങ്ങൾ അവസാനിപ്പിക്കാൻ സമയമായി. പാകിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇനി വേണ്ടത്. ഇത് ബി.ജെ.പിയുടെ മാത്രം അഭിപ്രായമല്ല. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്.
ഇപ്പോഴത്തെ സംഭവങ്ങൾ മോദി സര്‍ക്കാരിന്റെ വിദേശ നയം മൂലമാണെന്ന് പറയുന്ന എ.കെ.ആന്റണി അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ അക്രമങ്ങൾ എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. മുംബൈയിൽ ഉൾപ്പടെ ഭീകരാക്രമണം ഉണ്ടായ കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് ആന്റണിയുടെ സർക്കാരാണെന്ന് മറക്കരുത്. അതേ ആന്റണി ഇപ്പോൾ മോദി സർക്കാരിനെ വിമർശിക്കുന്നത് തമാശയായേ കാണാനാകൂ. ഭീകരവാദം നയമായി സ്വീകരിച്ച പാകിസ്ഥാനിൽ നിന്ന് നീതി പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയെ വീട്ടുതടങ്കലിലാക്കിയത് സുരക്ഷാപ്രശ്നം മൂലമാണെന്നാണ് മനസ്സിലാക്കുന്നത്. അതിന് സംസ്ഥാന സർക്കാരിന് എല്ലാ അധികാരവുമുണ്ട്. ദളിത് പ്രശ്നം ഊതിപ്പെരുപ്പിച്ചതു കൊണ്ട് ഗുജറാത്ത് മോഡലിനെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.