കോഴിക്കോട്: കാല്‍പ്പനിക ആശയങ്ങളില്‍ നിന്ന് പ്രായോഗികതയിലേക്ക് ഭാരതത്തിന്റെ വിദേശനയത്തെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി രാംമാധവ് പറഞ്ഞു. ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ ആരംഭിച്ച സെമിനാര്‍ പരമ്പരയില്‍ ‘മോദി സര്‍ക്കാര്‍ വേറിട്ട വിദേശനയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് പതിറ്റാണ്ടുകളായി അയല്‍പക്ക ബന്ധങ്ങളുടെയും ചേരിചേരാനയത്തിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഭാരതത്തിന്റെ വിദേശനയം. ഭാരതീയന് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരം ഉണ്ടാക്കി എന്നതാണ് മോദിസര്‍ക്കാരിന്റെ വിദേശനയത്തിന്റെ നേട്ടം. ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കണമെന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിദേശനയം ആദ്യ ഊന്നല്‍ നല്‍കിയത്. ഇന്ന് വിദേശരാഷ്‌ട്രങ്ങളില്‍ കഴിയുന്ന പ്രവാസി ഭാരതീയര്‍ക്ക് അഭിമാനപൂര്‍വ്വം താന്‍ ഭാരതീയനാണെന്ന് തലയുയര്‍ത്തി പറയാന്‍ അവസരം കൈവന്നിരിക്കുന്നു. ഏത് അര്‍ദ്ധരാത്രിയിലും പ്രവാസി ഭാരതീയരുടെ വിളി കേള്‍ക്കാന്‍ തയ്യാറായി രാജ്യത്തിന് ഒരു വിദേശകാര്യ വകുപ്പ് മന്ത്രിയുണ്ടായി.
വിദേശരാജ്യങ്ങളിലെ വിവിധ വിഭാഗങ്ങളുമായും ഗവേഷകരുമായും സംവാദം നടത്താനും അവരെ യോജിപ്പിക്കാനും അവരുടെ മികച്ച സംഭാവനകള്‍ ഭാരതത്തിന്റെ കൂടിയാണെന്ന് ഉറപ്പുവരുത്താനും വിദേശ നയസമീപനത്തിന് കഴിഞ്ഞു. വിദേശ ഭാരതീയ സമൂഹത്തിന് സ്വത്വബോധവും ഐക്യവുമുണ്ടാക്കാന്‍ അതിന് കഴിഞ്ഞു. സാംസ്‌ക്കാരിക മാനബിന്ദുക്കളെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കാനും അതുവഴി അയൽ രാജ്യങ്ങളുമായി സുദൃഢബന്ധം സ്ഥാപിക്കാനും ഭാരതത്തിന് കഴിഞ്ഞു. ശക്തമായ അയല്‍പക്ക ബന്ധത്തിലൂടെ ഒരുമിച്ച് മുന്നേറാമെന്നും വളരാമെന്നുമുള്ള കാഴ്ചപ്പാടാണ് ഭാരതം മുന്നോട്ട് വച്ചത്.
ഈ അഞ്ച് ഘടകങ്ങളെ ഊന്നിയാണ് ഭാരതത്തിന്റെ പുതിയ വിദേശനയം രൂപപ്പെട്ടത്. അതിര്‍ത്തിബന്ധങ്ങളുടെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയിലും മാത്രം ഒതുങ്ങിക്കിടന്ന വിദേശനയത്തില്‍ നിന്നുള്ള മോചനമാണുണ്ടായത്. ഭാരതത്തിന്റെ ആവശ്യങ്ങള്‍ മാത്രമല്ല താല്‍പര്യങ്ങളും സംരക്ഷിക്കണമെന്ന നിലപാടിലാണ് അത് ഉറച്ചുനിന്നത്. സ്ഥിരം ശത്രുവോ സ്ഥിരം മിത്രമോ അല്ല, വിദേശനയത്തില്‍ ഉള്ളതെന്ന താൽപര്യം ഭാരതം മുന്നോട്ടു വച്ചു. ഭാരതത്തെ ലോകശക്തിയാക്കി മാറ്റണമെന്ന ആഗ്രഹത്തില്‍ നിന്നാണ് പുതിയ സമീപനം ഉടലെടുത്തത്, അദ്ദേഹം പറഞ്ഞു.
മുന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പ്രഭാകരന്‍ പലേരി അദ്ധ്യക്ഷത വഹിച്ചു. കശ്മീര്‍ ഭാരതത്തിന്റെ ഒരു പ്രശ്‌നമല്ലെന്നും കാശ്മീരിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് സംസ്ഥാന ഭരണകൂടം പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. ഏത് സംസ്ഥാനത്തിലും ഉണ്ടാകുന്ന ഭരണ വൈകല്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളേ കശ്മീരിനുള്ളൂ. അദ്ദേഹം പറഞ്ഞു.
നയതന്ത്രവിദഗ്ധനും മുന്‍ ഭാരത സ്ഥാനപതിയുമായ ടി.പി.ശ്രീനിവാസന്‍ സംസാരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ദൃഢമായ തീരുമാനമെടുക്കുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കായില്ല. രാഷ്‌ട്രത്തിന്റെ താല്‍പര്യങ്ങള്‍ എന്താണെന്ന് നിര്‍വ്വചിക്കാൻ പോലും ഈ സര്‍ക്കാരുകള്‍ക്കായില്ല. ടി.പി.ജയചന്ദ്രന്‍ സ്വാഗതവും പി.ജിജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഇന്ന് ദളിത് രാഷ്‌ട്രീയത്തിന്റെ അര്‍ത്ഥതലങ്ങള്‍ എന്ന വിഷയത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30ന് നടക്കുന്ന സെമിനാറില്‍ സി.കെ.ജാനു, ടി.ജി.മോഹന്‍ദാസ്, പി.ജി.കുമാരദാസ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.