മത്ര: ഒമാനിലെ മലയാളികൾക്ക് ഓണവിരുന്നൊരുക്കി മസ്ക്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പത്താം വാർഷികാഘോഷം ‘താളമേളലയം’ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെ മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്നു. പ്രശസ്ത കാരിക്കേച്ചർ കലാകാരനും, നടനുമായ ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു.
മസ്ക്കറ്റിലെ അൽ ഫലജ് ഹോട്ടലിൽ നിറഞ്ഞു കവിഞ്ഞ സദസിനു മുൻപിൽ ആണ് മസ്ക്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ‘താളമേളലയം’ അവതരിപ്പിച്ചത്. ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചവാദ്യഗുരുവായ തിച്ചൂർ സുരേന്ദ്രനെ ആദരിക്കൽ ചടങ്ങും നടന്നു.
പത്തു വർഷമായി തിച്ചൂർ സുരേന്ദ്രന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിവരുന്ന 140 ൽപരം പ്രതിഭകൾ അവതരിപ്പിച്ച പരമ്പരാഗതവും നൂതനവുമായ വാദ്യോപകരണങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ മേളവും ശ്രദ്ധേയമായി. ജയരാജ് വാര്യരുടെ കാരിക്കേച്ചർ അവതരണവും ആസ്വാദ്യകരമായി. നാടൻ കലാരൂപങ്ങളായ തിരുവാതിരകളി, മാർഗ്ഗം കളി, കോൽകളി, തെയ്യം എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള പരിപാടിയും നടന്നു.
മസ്ക്കറ്റിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന നൃത്തങ്ങളും നാലു മണിക്കൂർ നീണ്ടുനിന്ന കേരളത്തനിമയുള്ള പരിപാടികളും താളമേളലയത്തിനു വർണപ്പകിട്ട് നൽകി.