മുംബൈ : കർഷകർക്ക് മണ്ണ് പരിശോധിക്കാൻ ചെയ്യാൻ പോസ്റ്റ് ഓഫീസിൽ സൗകര്യമൊരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പൂനെ മേഖലയിലെ പോസ്റ്റ് ഓഫീസിലാണ് ഈ സൗകര്യം ആദ്യം ഒരുക്കുന്നത്. കിസാൻ വിഗ്യാൻ ദൂത് എന്നപേരിലുള്ള പദ്ധതി കൃഷി വിഗ്യാൻ കേന്ദ്രവുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
മണ്ണ് സാമ്പിളുകൾ പോസ്റ്റോഫീസിൽ എത്തിച്ചാൽ അത് അവിടെ നിന്നും ബന്ധപ്പെട്ട ഏജൻസിക്ക് അയയ്‌ക്കും. മണ്ണ് പരിശോധനയ്‌ക്ക് ശേഷം റിപ്പോർട്ട് തിരിച്ച് പോസ്റ്റ് ഓഫീസിലേക്ക് അയയ്‌ക്കും . തുടർന്ന് കർഷകർക്ക് റിപ്പോർട്ട് കൈപ്പറ്റാം.
മണ്ണിനനുസരിച്ച് കൃഷി ചെയ്യാൻ കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയണ് മണ്ണ് പരിശോധന നടത്താനുള്ള കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത് . എന്നാൽ അറിവില്ലായ്മ കൊണ്ടും പരിശോധനയ്‌ക്കായി മണ്ണ് എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും കർഷകർ പൊതുവെ പരിശോധന ഒഴിവാക്കാറാണ് പതിവ്.
മണ്ണിനനുസരിച്ച് കൃഷി ഇറക്കാത്തത് മൂലം വിള നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ഇതിനെത്തുടർന്ന് മണ്ണ് പരിശോധന കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയാണ് പുതിയ പദ്ധതിയുമായി സർക്കാർ മുന്നോട്ടു വന്നത്.