കോഴിക്കോട്: നടക്കാനിരിക്കുന്ന ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തിന് സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതു വരെ സംസ്ഥാന സർക്കാർ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
സെപ്റ്റംബർ 23ന് കോഴിക്കോടാരംഭിക്കുന്ന ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തിന് കർശന സുരക്ഷ നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം. കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. സമ്മേളനം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കേ ഇതു വരെ സംസ്ഥാനസർക്കാർ തയ്യാറാക്കിയ സുരക്ഷാ സജ്ജീകരണങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പൊലീസിനോടും കേന്ദ്രം വിശദാംശങ്ങൾ ആരാഞ്ഞു. സംസ്ഥാനം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ പഴുതുകൾ പരിശോധിക്കും. സമ്മേളനത്തിന് സുരക്ഷ സജ്ജമാക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്യും. സമ്മേളനത്തിന്റെ ദിവസങ്ങൾ പൊലീസിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടേയും കർശന നിരീക്ഷണത്തിലാകും കോഴിക്കോട് നഗരം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കേന്ദ്ര മന്ത്രിമാരും മുതിർന്ന ബി.ജെ.പി നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന് പഴുതില്ലാത്ത സുരക്ഷ ഒരുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദിവസങ്ങളിൽ സമ്മേളന വേദി പൂർണമായും കേന്ദ്ര സേനയുടെ കീഴിലാകും. സെപ്റ്റംബർ 23 മുതൽ ഇരുപത്തി അഞ്ച് വരെയാണ് ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനം നടക്കുക.