ന്യൂഡൽഹി : ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിന് പൂർണ പിന്തുണയറിയിച്ച് അഫ്ഗാനിസ്ഥാൻ .ഭീകരതയുടെ പ്രായോജകരെ അന്താരാഷ്‌ട്ര മേഖലയിൽ ഒറ്റപ്പെടുത്തണം . ഭീകര സംഘങ്ങളെ സംയുക്തമായി നേരിടണമെന്നും അഫ്ഗാൻ അംബാസഡർ ഷൈദ മൊഹമ്മദ് അബ്ദാലി പറഞ്ഞു.
ഭീകരവാദ സംഘങ്ങൾ പല പേരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും എല്ലാം ഒരു മേഖലയിൽ നിന്നാണ് വരുന്നത്. ഭാരതവും അഫ്ഗാനും അന്താരാഷ്‌ട്ര സമൂഹവും ഇതിനെതിരെ ഒന്നിക്കണം.ഇത്തരം ആക്രമണങ്ങളും ദുരന്തങ്ങളും വലിയ അളവിൽ തന്നെ അഫ്ഗാൻ ജനത അനുഭവിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഭാരതത്തിന്റെ വേദന തിരിച്ചറിയാൻ അഫ്ഗാനു കഴിയും . അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്ക് കുടപിടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാടിന് അഫ്ഗാനിസ്ഥാൻ പൂർണ പിന്തുണയറിയിക്കുന്നു. ഭീകരത വിദേശകാര്യ നയമായി കരുതുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് അഫ്ഗാൻ കരുതുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ച് അബ്ദാലി പറഞ്ഞു.
ബാരാമുള്ളയിലെ ഉറിയിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പതിനെട്ട് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നിൽ പാക് പിന്തുണയുള്ള ഭീകരസംഘങ്ങളാണെന്നാണ് ഇന്ത്യൻ നിഗമനം.