പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യൻ സൈനികർ ആലപിക്കുന്ന ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകുന്ന ഗാനത്തിന് യൂടൂബിലും ഫെയ്സ്ബുക്കിലുമടക്കം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
യാത്രയ്ക്കിടെ വാഹനത്തിലിരുന്ന് ഒരു സൈനികൻ ആലപിക്കുന്ന ഗാനമാണ് കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കശ്മിർ ഹോഗ, പാക്കിസ്ഥാൻ നഹി ഹോഗ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ഭീകരാക്രമണങ്ങൾ തുടർക്കഥയാക്കുന്ന പാക്കിസ്ഥാന് ഇന്ത്യൻ സൈനികർ നൽകുന്ന ശക്തമായ മുന്നറിയിപ്പ് കൂടിയായി.
ഞങ്ങൾ സിംഹങ്ങളാണെന്നും ആരെയും ഭയപ്പെടാറില്ലെന്നും പറയുന്ന സൈനികർ ഭീകരാക്രമണങ്ങളിലൂടെ തങ്ങളെ തളർത്താനാകില്ലെന്നും ശത്രുക്കൾക്ക് താക്കീത് നൽകുന്നു.അസൂയയും ബോംബുകളും കൊണ്ട് ആക്രമണത്തിനിറങ്ങുന്നവർ 65ലെയും 71ലെയും 99 ലെയും യുദ്ധങ്ങൾ മറക്കരുതെന്നും പാക്കിസാഥാനെ ഓർമ്മപ്പെടുത്തുന്നു.
ഷിംലാ, താഷ്ക്കന്റ് കരാറുകളെക്കുറിച്ച് മറക്കരുതെന്നും പാക്കിസ്ഥാനെ ഓർമപ്പെടുത്തന്ന സൈനികർ ഇക്കാര്യങ്ങൾ പാക്കിസ്ഥാൻ വ്യക്തമായും ശ്രദ്ധയോടും കേൾക്കണമെന്നും അഭ്യർത്ഥിക്കുന്നു. വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് ഒരു സൈനികൻ ആലപിക്കുന്ന ഗാനം മറ്റ് സൈനികരും ഉച്ചത്തിൽ ഏറ്റുപാടുന്നു.
രണ്ട് മിനിട്ടിലേറെ നീളുന്ന മനോഹര ഗാനം ഭാരത് മാതാ കി ജയ് വിളികളോടെയാണ് അവസാനിക്കുന്നത്.