തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നേരിട്ട് അറ്റോര്‍ണി ജനറലിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സുപ്രീംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിസഭായോഗത്തിന് ശേഷം പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് സൗമ്യയുടെ അമ്മയ്‌ക്ക് ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു.
കേസില്‍ അറ്റോര്‍ണി ജനറലിനെ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ നിയമവിദഗ്ധരുടെ കൂടിയാലോചനയ്‌ക്ക് ശേഷം ഏത് തരത്തിലുളള നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് സുമതി മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, മാത്യു ടി തോമസ്, എ.കെ ബാലന്‍, എ.കെ ശശീന്ദ്രന്‍, മെഴ്‌സിക്കുട്ടിയമ്മ, ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കുകയാണെന്നും സുമതി പിന്നീട് പ്രതികരിച്ചു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കും സുമതി പരാതി കൈമാറി. സുപ്രീംകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതിനുളള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ഉടന്‍ നിയമവകുപ്പിന് കൈമാറും. കഴിഞ്ഞ ദിവസമാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.