ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതിക്കായി നിശ്ചയിച്ചിരുന്ന പുഞ്ചയില്‍ കൃഷിയിറക്കുന്നതിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും. 350 ഏക്കറോളം വരുന്ന ആറന്മുള പുഞ്ചയിലാണ് കൃഷി പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. രാവിലെ എട്ട് മണിക്ക് പാടത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിലവിളക്ക് തെളിയിച്ച് നിലമൊരുക്കല്‍ ചടങ്ങിന് തുടക്കം കുറിക്കും.
നവംബറോടെ കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായിട്ടാണ് നിലമൊരുക്കുന്നത്. ഇതിനായി എത്തിക്കുന്ന ട്രാക്ടറുകളുടെയും യന്ത്രസാമഗ്രികളുടെയും ഫ്ലാഗ് ഓഫ് ആറന്മുള ഐക്കര ജംഗ്ഷനില്‍ വീണ ജോര്‍ജ് എംഎല്‍എ നിര്‍വ്വഹിക്കും. ചടങ്ങിനെത്തുന്ന അതിഥികളെ ആറന്മുള എന്‍ജിനീയറിംഗ് കോളജ് പരിസരത്ത് നിന്ന് വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെയാകും വേദിയിലേക്ക് ആനയിക്കുക.
ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശത്തും വഴിവിട്ട നീക്കത്തിലൂടെ മുന്‍സര്‍ക്കാര്‍ നികത്താന്‍ അനുമതി നല്കിയ മെത്രാന് കായലിലും കൃഷി പുനരാരംഭിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇവിടെ വീണ്ടും കൃഷിയിറക്കാന്‍ നീക്കമാരംഭിച്ചത്. ആറന്മുളയിലെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രോഡീകരിക്കാനായി പന്തളം ഫാമിലെ കൃഷി ഓഫീസര്‍ ജെ. സജീവിനെ സര്‍ക്കാര്‍ സ്പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് പദ്ധതിക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നത്. ആറന്മുള പൈതൃക ഗ്രാമകര്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിന് അനുകൂല നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
അതേസമയം പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്ന് പിണറായി സര്‍ക്കാര്‍ ഒരു മാസം മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയെങ്കിലും അനുമതികള്‍ പിന്‍വലിക്കാനുളള നടപടിക്രമങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ശതമാനം ഓഹരിപങ്കാളിത്തവും പിന്‍വലിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയിട്ടില്ല.