ജനീവ: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കാതെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സിറിയയിലെയും പശ്ചിമേഷ്യയിലെയും പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ബാന്‍ കി മൂണ്‍ കശ്മീര്‍ വിഷയം പ്രസംഗത്തില്‍ ഒരിടത്തും പരാമര്‍ശിച്ചില്ല. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ യുഎന്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ തുടര്‍ച്ചയായുളള ആവശ്യത്തിന് തിരിച്ചടി നല്‍കുന്നതായി ബാന്‍ കി മൂണിന്റെ പ്രസംഗം.
കശ്മീരിലെ പ്രശ്‌നങ്ങളില്‍ യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുളള സമ്മര്‍ദ്ദം പാകിസ്ഥാന്‍ ശക്തമാക്കിക്കൊണ്ടിരിക്കെയാണ് ബാന്‍ കി മൂണിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്ന ഇന്ത്യയുടെ നിലപാടിനുളള അംഗീകാരം കൂടിയായി ഈ നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ അ്ന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യുഎന്‍ സെക്രട്ടറി ജനറലിന്റെ നടപടി കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ബാന്‍ കി മൂണിന്റെ നടപടി രാഷ്‌ട്രീയമായി തിരിച്ചടിയാകും. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് പരിഹരിക്കണമെന്ന നിലപാട് യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന ആവശ്യം പാകിസ്ഥാന്‍ നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.