കൊല്ലം: കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി ഓടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പഴയ സ്ഥിതിയിലേക്ക് എത്തി എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പക്ഷെ അത് പൂർണ്ണ തോതില്‍ ആയിട്ടില്ല. ചില ട്രെയിനുകള്‍ ഇന്നും റദ്ദാക്കി. വേണാടും, ജനശതാബ്ദി ഉള്‍പ്പെടെ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ഇതു ഹ്രസ്വ – ദീർഘ ദൂര യാത്രക്കാരെ വലിയ തോതില്‍ വലച്ചു. പലരും മണിക്കൂറുകള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു.
അതേസമയം ഇന്ന് അവധി ആയതിനാല്‍ അധികം ആളുകള്‍ക്ക് ഈ ദുരിതം പേറേണ്ടി വന്നില്ല. ഇന്നലെ മിക്ക ട്രെയിനുകളും വൈകി ഓടിയതും പല ട്രയിനുകളും റദ്ദാക്കിയതും വലിയ പ്രതിഷേധത്തിന് ഇടവച്ചിരുന്നു.