ശ്രീനഗർ: കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാനുള്ള സൈനിക നടപടികൾ ഊർജ്ജിതപ്പെടുത്താൻ സൈന്യത്തിന് നിർദ്ദേശം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സുരക്ഷാചുമതലയുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ജമ്മു-കശ്മീരിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷി സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നു. തെളിവെടുപ്പ് വിപുലപ്പെടുത്തി എൻ.ഐ.എ അന്വേഷണ സംഘം.
ഉറിയിലെ ഭീകരാക്രമണത്തിനുശേഷം നടന്ന സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതി യോഗം ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന സൈനിക നടപടി ശക്തമാക്കാൻ തീരുമാനിച്ചു. ജമ്മു-കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 10 ഭീകരരെ ഉറി സെക്ടറിൽ സൈന്യം വധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി എന്നിവർ പങ്കെടുത്തു.
സൈനികാസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിനു ശേഷം സൈന്യം എടുത്ത നടപടികൾ യോഗം വിലയിരുത്തി. ഭീകരാക്രമണങ്ങളിൽ പാകിസ്ഥാനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ആഗോളവേദിയിൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. നിലവിൽ സൈന്യത്തിനും അന്വേഷണ ഏജൻസികൾക്കും ലഭിച്ച തെളിവുകൾ അതിന് പര്യാപ്തമാണോ എന്നും യോഗം പരിശോധിച്ചു. അടുത്ത ദിവസം ഐക്യരാഷ്‌ട്രസഭയിൽ സുഷ്മാസ്വരാജ് നടത്താനിരിക്കുന്ന പ്രസംഗത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചു. അതേസമയം, ഉറി സൈനികാസ്ഥാനത്ത് തെളിവെടുപ്പ് നടത്തുന്ന എൻ.ഐ.എ സംഘം കൂടുതൽ തെളിവുകൾക്കായി സൈന്യത്തേയും രഹസ്യാന്വേഷണ ഏജൻസികളേയും സമീപിച്ചു.
ഉറി സെക്ടറിൽ നിന്ന് കഴിഞ്ഞ 4 മാസത്തിനിടെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയ എല്ലാ രഹസ്യ സന്ദേശങ്ങളും കൈമാറാൻ എൻ.ഐ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി ശ്രീനഗറിൽ ഉള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി കശ്മീരിലെ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച്ച നടത്തി. അതേസമയം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനിൽ അതിർത്തിരക്ഷാസേനയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു.