ബംഗലുരു: കാവേരീനദിയിലെ ജലം തമിഴ്‌നാടിനു വിട്ടു നൽകേണ്ടതില്ലെന്ന് കർണ്ണാടക മന്ത്രിസഭായോഗം. മന്ത്രിസഭായോഗം ഐകകണ്ഠമായാണ് തീരുമാനമെടുത്തത്. തമിഴ്‌നാടിന് വെള്ളം വിട്ടു നൽകണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കേയാണ് കർണ്ണാടക സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
ഇതു സംബന്ധിച്ച് ശനിയാഴ്ച പ്രത്യേകമന്ത്രിസഭ കൂടാനും തീരുമാനമായി. അന്തിമതീരുമാനം അധികം താമസിയാതെ മുഖ്യമന്ത്രി വിശദീകരിക്കും. എന്നാൽ സർവ്വകക്ഷിയോഗത്തിൽ നിന്നും വിട്ടു നിൽക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കർണ്ണാടകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കർണ്ണാടക സെക്രട്ടറിയേറ്റായ ബംഗലുരുവിലെ വിധാൻ സൗധയ്‌ക്കു മുൻപിൽ പ്രതിഷേധപ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
പുതിയ തീരുമാനം കോടതിയലക്ഷ്യമാകുന്ന സാഹചര്യത്തിൽ, കാവേരീജല വിഷയത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്. തീരുമാനത്തോട് തമിഴ്‌നാട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി കാണാനിരിക്കുന്നത്.