ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് നേരിട്ട് പാടിയ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചതിന്റെ നിര്‍വൃതിയിലാണ് ശബരിമല സന്നിധാനം. ഇന്നലെ രാത്രിയാണ് നട അടയ്‌ക്കുമ്പോള്‍ ഗാനഗന്ധര്‍വ്വന്‍ സോപാനത്ത് ഹരിവരാസനം ആലപിച്ചത്. നടയ്‌ക്ക് മുന്നില്‍ തൊഴുകൈകളോടെ ഗാനഗന്ധര്‍വ്വന്‍ ഹരിവരാസനം ആലപിച്ചപ്പോള്‍ കണ്ടുനിന്ന ഭക്തര്‍ക്കും അത് അനുഗ്രഹീത നിമിഷങ്ങളായി മാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷമാണ് യേശുദാസ് സോപാനത്ത് നിന്ന് മടങ്ങിയത്.
മൂന്ന് വര്‍ഷം മുന്‍പ് പ്രഥമ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങാനാണ് യേശുദാസ് ഇതിന് മുന്‍പ് ശബരിമലയില്‍ എത്തിയത്. അന്നും ഹരിവരാസനം ആലപിച്ച ശേഷമാണ് അദ്ദേഹം സന്നിധാനം വിട്ടത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് അയ്യപ്പദര്‍ശനത്തിനായി യേശുദാസ് മലകയറിയത്. നെടുമ്പാശേരിയില്‍ നിന്ന് പമ്പയിലെത്തിയ അദ്ദേഹത്തെ ഏലക്കാമാലയിട്ടാണ് സ്വീകരിച്ചത്. തുടര്‍ന്ന് കെട്ടുനിറച്ച് മലകയറുകയായിരുന്നു. വൈകിട്ട നട തുറന്നപ്പോള്‍ ശരണം വിളിച്ച് ദര്‍ശനം നടത്തിയ അദ്ദേഹം ദീപാരാധനയും തൊഴുതു.