കരിപ്പൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനായി കോഴിക്കോട് എത്തിയ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ് അമിത് ഷായെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വരവേറ്റത്.
ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കരിപ്പൂരിലേക്ക് എത്തിയത്. വിമാനത്താവളത്തിന് പുറത്തേക്ക് അമിത് ഷാ എത്തിയതോടെ പ്രവര്‍ത്തകരുടെ ആഹ്ലാദം ആവേശത്തിന് വഴിമാറി. പുഷ്പവൃഷ്ടിയുടെ അകമ്പടിയോടെ ആര്‍പ്പുവിളിയും ഭാരത് മാതാ കീ ജയ് വിളികളുമായാണ് അവര്‍ പാര്‍ട്ടിയുടെ അമരക്കാരനെ എതിരേറ്റത്.
വിമാനത്താവളത്തിന് സമീപം തയ്യാറാക്കിയിരുന്ന പ്രത്യേക വേദിയിലെത്തിയ അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഇതിന് ശേഷമാണ് അദ്ദേഹം കോഴിക്കോടിന് പോയത്. നാളെ മുതല്‍ മൂന്ന് ദിവസമായിട്ടാണ് ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് നടക്കുക.