ന്യൂഡൽഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ മാതാവ് സുമതി സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു. പ്രതി ചാർളി തോമസിനെ വധശിക്ഷയിൽ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജ്ജി നൽകിയത്. ചാർളി തോമസിനെതിരെയുള്ള കൊലക്കുറ്റവും വധശിക്ഷയും പുനഃസ്ഥാപിക്കണമെന്നും കേസിൽ തന്റെ വാദം കേൾക്കണമെന്നും സുമതി ഹർജ്ജിയിൽ ആവശ്യപ്പെട്ടു.
സൗമ്യവധക്കേസിൽ കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി പ്രതി ചാർളി തോമസിന്റെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ കൊലക്കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 325ആം വകുപ്പ് പ്രകാരം മാത്രം ശിക്ഷ വിധിച്ചത് സൗമ്യ വധക്കേസിൽ നിലനിൽക്കില്ലെന്ന വാദമാണ് സുമതി ഉന്നയിക്കുന്നത്. കേസ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും ഹർജ്ജിയിലുണ്ട്.
കേസ് പരിഗണിക്കുമ്പോൾ തന്റെ വാദം കേൾക്കണമെന്നും ഹർജ്ജിയിൽ സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടു. പുനഃപ്പപരിശോധനാ ഹർജ്ജി നൽകാൻ സംസ്ഥാന സർക്കാരും തയ്യാറെടുക്കുന്നുണ്ട്. വിധിയിലെ വസ്തുതാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി കൊലക്കുറ്റം സ്ഥാപിച്ചെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ വധശിക്ഷ ആവശ്യപ്പെടുന്ന കാര്യത്തിൽ ഇടത് സർക്കാരിന് ആശയക്കുഴപ്പമുണ്ട്. ചാർളി തോമസിന് വധശിക്ഷ നൽകണോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിനുള്ളിൽ തന്നെ വിരുദ്ധാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ മുകുൾ റോത്തഗിയായിരിക്കും സുപ്രീം കോടതിയിൽ ഹാജരാകുക.