ന്യൂഡൽഹി : ഭാരതവും ഫ്രാൻസും റാഫേൽ കരാറിൽ ഒപ്പുവച്ചു . ഫ്രാൻസിൽ നിന്ന് 36 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത് . പ്രതിരോധമന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീൻ ലെ ഡ്രിയാനുമാണ് കരാറിൽ ഒപ്പുവച്ചത് .
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനത്തിനിടെയാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചത് . പതിനാറുമാസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച കരാർ യാഥാർത്ഥ്യമായത്. 7.87 ബില്ല്യൺ യൂറോയുടെ കരാറാണിത് . ഈ കരാറിലൂടെ 750 മില്യൺ യൂറോ ലാഭിക്കാൻ ഭാരതത്തിന് കഴിഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരട്ട എഞ്ചിനുള്ള ഈ ജെറ്റ് പോർവിമാനങ്ങൾ ആവശ്യമായ ആയുധ സന്നാഹങ്ങളോട് കൂടിയാണ് ഭാരതത്തിന് കൈമാറുന്നത് . ദൃശ്യപരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ , ഇസ്രയേൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഹെൽമെറ്റ് തുടങ്ങിയവ റാഫേൽ വിമാനത്തിനൊപ്പം ലഭിക്കും.