കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മുന്‍ സഖാക്കളും. തിരുവനന്തപുരം മാറനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എരവത്തൂര്‍ ചന്ദ്രനും സിപിഎം ഏരിയ കമ്മറ്റി അംഗമായിരുന്ന ആലങ്കോട് ധ്യാനശീലനും സഖാവ് വേഷം അഴിച്ചുവെച്ചവരില് രണ്ടുപേര്‍ മാത്രം. കോഴിക്കോട്ട് വിരുന്നെത്തിയ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുന്നതിന്റെ ആവേശത്തിലാണ് ഇവര്‍.
തൊഴിലാളി വര്‍ഗത്തിന്റെ പേരുപറഞ്ഞ് സിപിഎം അഴിച്ചുവിടുന്ന നരനായാട്ടിലും വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കടുത്ത അമര്‍ഷമാണ് ഇവര്‍ പ്രകടിപ്പിച്ചത്. വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി എല്ലുമുറിയെ അധ്വാനിച്ച ചരിത്രമാണ് ഇരുവര്‍ക്കും പറയാനുളളത്. എന്നാല്‍ നാല്പത് വര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മനം മടുത്ത് രണ്ട് വര്‍ഷം മുന്‍പ് ഇവര്‍ ബി.ജെപിക്കൊപ്പം ചേര്‍ന്നു. രാജ്യത്തിന് പുതിയ ദിശാബോധം നല്കിയ നരേന്ദ്ര മോദി സര്‍ക്കാരിലുള്ള പ്രതീക്ഷയാണ് ബിജെപി ദേശീയ കൗണ്‍സിലിന്റെ അണിയറ പ്രവര്‍ത്തനത്തില്‍ വരെ തങ്ങളെ എത്തിച്ചതെന്ന് ഇരുവരും പറയുന്നു.
സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ അസ്തമന കാലഘട്ടമാണിതെന്ന് ഇവര്‍ തുറന്നുപറയുന്നു. ദേശീയ കൗണ്‍സിലോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ സമഗ്ര മാറ്റമണ്ടാകും. ബിജെപി മുന്നോട്ടുവെയ്ക്കുന്ന ഏകാത്മ മാനവ ദര്‍ശനമെന്ന ആശയത്തിന് മനുഷ്യത്വത്തിന്റെ മുഖമാണുളളതെന്നും ധര്മത്തില് അധിഷ്ടിതമായ ആശയമാണ് അതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങളോളം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടും മനുഷ്യത്വപരമായ സമീപനം അനുഭവിക്കാന്‍ കഴിഞ്ഞത് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയതിന് ശേഷമാണെന്നും ഇവര്‍ തുറന്നു പറയുന്നു.
ബിജെപിയുടെ സംസ്ഥാന കമ്മറ്റി അംഗമാണ് എരവത്തൂര്‍ ചന്ദ്രന്. കേരളത്തില്‍ പുതുതായി അധികാരമേറ്റ ഇടത് സര്‍ക്കാരിലുളള അവിശ്വാസവും ഇവര്‍ വ്യക്തമാക്കി. കേരളത്തിലെ അവസാന ഇടത് സര്‍ക്കാരാകും ഇത്. പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ വര്‍ഷങ്ങളായി നടത്തിയ അന്തര്‍നാടകങ്ങളുടെ ഫലമായിട്ടാണ് സിപിഎമ്മിന് ഇപ്പോള്‍ അധികാരം ലഭിച്ചത്. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുളള ഭരണമല്ല കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുളള ഭരണമാണെന്ന് വരും നാളുകള്‍ തെളിയിക്കുമെന്നും ഇരുവരും പറയുന്നു.