കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമങ്ങള്‍ ബിജെപി ദേശീയ കൗണ്‍സിലില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ പ്രമേയം ഉള്‍പ്പെടെ കൗണ്‍സില്‍ പാസാക്കുമെന്ന് ദേശീയ നേതാക്കള്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കണ്ണൂരിലും മറ്റും സിപിഎം അക്രമങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ 67 അക്രമസംഭവങ്ങളിലായി നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. 26 പേര് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നൂറ്റിയമ്പതോളം വീടുകള്‍ ബോംബേറിലും അക്രമങ്ങളിലും തകര്‍ക്കപ്പെട്ടു. ഏകദേശം പത്ത് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഈ അക്രമങ്ങളില്‍ ഉണ്ടായിട്ടുളളത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
ബിജെപി എംപിമാരുടെ സംഘവും കണ്ണൂരിലെത്തി ഈ അക്രമങ്ങള്ക്കിരയായവരില് നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയാകുക. കേരളത്തിലെ സിപിഎം അക്രമത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ജനം ടിവിയോട് പ്രതികരിച്ചു. ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിന്റെ അമര്‍ഷമാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദവും കേരളത്തിലെ സിപിഎം അക്രമവും ദേശീയ കൗണ്‍സിലില്‍ ചര്‍ച്ചയാകുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് ആര്.പി സിംഗും വ്യക്തമാക്കി.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ കണ്ണൂരില്‍ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. എം.പിമാരുടെ സംഘം മടങ്ങിയ രാത്രിയില്‍ പോലും തലശ്ശേരിയിലും പയ്യന്നൂരിലും പിണറായിയിലും ബോംബേറുള്പ്പെടെയുള്ള അക്രമങ്ങള്‍ നടന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സിപിഎം നടത്തുന്ന നിഴല്‍യുദ്ധങ്ങള്‍ ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും വ്യക്തമാക്കി. സിപിഎം അക്രമങ്ങളെ അപലപിക്കുന്ന പ്രമേയം സമ്മേളനം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഉടനീളം നടത്തുന്ന അക്രമങ്ങള്‍ നേരത്തെ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുളളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അടക്കമുളളവരെ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.