ശ്രീനഗർ: ഉറി സൈനികതാവളം ആക്രമിച്ച ഭീകരവാദികൾ തങ്ങിയിരുന്നത് അതിർത്തിപ്രദേശത്തെ ആളൊഴിഞ്ഞ അഭയകേന്ദ്രങ്ങളിലെന്ന് സൂചന ലഭിച്ചു. 2005ലെ ഭൂചലനത്തേത്തുടർന്ന് വീടു നഷ്ടപ്പെട്ടവർക്കായി നിരവധി അഭയകേന്ദ്രങ്ങൾ ഈ പ്രദേശത്ത് നിർമ്മിച്ചിരുന്നു. അതിർത്തി കടന്നെത്തിയ ഭീകരവാദികൾ താമസിച്ചിരുന്നത് ഇവിടെയാകാമെന്നാണ് എൻ.ഐ.എയ്ക്കു ലഭിച്ചിരിക്കുന്ന സൂചന.
കാലക്രമത്തിൽ ഈ അഭയകേന്ദ്രങ്ങളിൽ താമസിച്ചിരുന്ന ജനങ്ങൾ വീടുകളിലേയ്ക്കു മാറിയിരുന്നു. ഇതേത്തുടർന്ന് കാലിയായ ഈ അഭയകേന്ദ്രങ്ങൾ കന്നുകാലികളും മറ്റും താവളമാക്കിയിരുന്നു. യഥാർഥ നിയന്ത്രണരേഖയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശങ്ങൾ ഏറെക്കുറേ വിജനമായിരുന്നുവെന്നും പറയപ്പെടുന്നു. ഈ കെട്ടിടങ്ങളിൽ എവിടെയെങ്കിലുമാകും ഭീകരവാദികൾ താവളമടിച്ചിരുന്നതെന്നാണ് എൻ.ഐ.എയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.
എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ സൈനികവേഷം ധരിച്ച ചിലരെ പ്രദേശത്തു കണ്ടിരുന്നതായി അതിർത്തിഗ്രാമവാസികൾ മൊഴി നൽകിയിരുന്നു. എന്നാൽ ഇവർ സൈനികരാണെന്നാണ് അവർ കരുതിയിരുന്നത്. ഇവരായിരിക്കാം ഉറിയിലെ സൈനിക താവളത്തിൽ ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് എൻ.ഐ.എ.