മുംബൈ: മുംബൈയിലേക്ക് ഭീകരർ കടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനകൾ നടത്തി വന്ന തിരച്ചിൽ അവസാനിപ്പിച്ചു. ഭീകര സാന്നിദ്ധ്യം സംബന്ധിച്ച മറ്റു സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് 48 മണിക്കൂർ നീണ്ട തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സംശയാസ്പദമായ സാഹചര്യത്തിൽ ആയുധധാരികളെ ഉറാൻ നാവികാസ്ഥാനത്തിനു സമീപം കണ്ടുവെന്ന് രണ്ട് വിദ്യാർത്ഥികളാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2 രേഖാചിത്രങ്ങളും പൊലീസ് പുറത്തു വിട്ടിരുന്നു. അതീവ ജാഗ്രതാ നിർദ്ദേശം നൽകി 15 മുതൽ 20 കിലോമീറ്റർ വരെയുള്ള പ്രദേശം സുരക്ഷാ സേന അരിച്ചുപെറുക്കി. എല്ലാ വീടുകളും CCTV ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. എന്നാൽ ഭീകരരെ സംബന്ധിച്ച ഒരു തുമ്പും ഇതുവരെ ലഭ്യമായില്ല.
അതേസമയം ജനങ്ങൾ പിന്തിരിയേണ്ടതില്ലെന്നും സംശയാസ്പദമായ നീക്കങ്ങൾ പൊലീസിനെ അറിയിക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും മഹാരാഷ്‌ട്ര പൊലീസ് അറിയിച്ചു. മുംബൈയിൽ ഭീകരസാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് സംസ്ഥാനത്തെ എല്ലാ സേനാകേന്ദ്രങ്ങളിലും അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കറുത്ത പഠാൻ വേഷധാരികളായ അഞ്ചു പേരെ പ്രദേശത്തു കണ്ടുവെന്നും ഇവർ മനസ്സിലാകാത്ത ഭാഷയാണ് സംസാരിച്ചിരുന്നതെന്നും കുട്ടികൾ അധികൃതരോടു വെളിപ്പെടുത്തിയിരുന്നു.