വാഷിംഗ്ടൺ : അമേരിക്കയിൽ വെടിയൊച്ച നിലയ്ക്കുന്നില്ല . വാഷിംഗ്ടണിൽ കാസ്കേഡ് മാളിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു . തോക്കുധാരിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അക്രമികളുടെ എണ്ണം ഒന്നിലധികമാണെന്നും സൂചനകളുണ്ട് .
ഷോപ്പിംഗ് മാളിനുള്ളിൽ കടന്നു ചെന്ന അക്രമി യാതൊരു പ്രകോപനവും കൂടാതെ നിറയൊഴിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയുടെ രേഖാ ചിത്രം സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നും വാഷിങ്ടൺ പൊലീസ് വക്താവ് മാർക്ക് ഫ്രാൻസിസ് അറിയിച്ചു.
പൊലീസെത്തുന്നതിനു മുൻപ് അക്രമി മാളിൽ നിന്നും ഇന്റർസ്റ്റേറ്റ് 5 ഹൈവേയിലേയ്ക്കു നടന്നു നീങ്ങിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മാളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യവും, പൊലീസ് ഒരുക്കിയിട്ടുണ്ട്. മാളിലുണ്ടായിരുന്നവരെ ബസ് വഴി അടുത്തുള്ള ഒരു ആരാധനാലയത്തിലേയ്ക്ക് സുരക്ഷിതമായി മാറ്റിയെന്നും മാർക്ക് ഫ്രാൻസിസ് കൂട്ടിച്ചേർത്തു.