ഭുവനേശ്വർ: ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ബി.എസ്.എഫ് ജവാൻ കൂടി മരിച്ചു. പീതാബസ് മാജ്‌ഹി എന്ന മുപ്പതുകാരനാണ് മരിച്ചത്. ഉറി ആക്രമണത്തിനു ശേഷം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ഉറി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി.
2008ൽ അതിർത്തി രക്ഷാസേനയിൽ ചേർന്ന മാജ്‌ഹി, നുവാപാഡ ജില്ലയിലെ ധനഝോല സ്വദേശിയാണ്. ഉറി ആക്രമണത്തേത്തുടർന്നു സൈന്യം തീവ്രവാദികളുമായി നടത്തിയ പ്രത്യാക്രമണത്തിനിടെ മാജ്‌ഹിയ്‌ക്കു ദാരുണമായി പരിക്കേറ്റിരുന്നു.
ഈ വരുന്ന ദസറയോടടുപ്പിച്ച്, മാജ്‌ഹിയുടെ ഭാര്യയുടെ ആദ്യ പ്രസവത്തിനായി നാട്ടിലേയ്‌ക്കു മടങ്ങാൻ തയ്യാറെടുക്കവേയാണ് സൈനികതാവളത്തിൽ ആക്രമണമുണ്ടാകുന്നത്. ഈ മാസം 22ന് ആശുപത്രിക്കിടക്കയിൽ നിന്നും താൻ ആരോഗ്യം വീണ്ടെടുത്ത് ഉടൻ തന്നെ തിരിച്ചെത്തുമെന്ന് തന്റെ ഭാര്യയ്‌ക്കു മാജ്‌ഹി വാക്കു കൊടുത്തിരുന്നു.