കോഴിക്കോട്: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന അക്രമങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശയങ്ങള്‍ തമ്മിലാകണം പോരാട്ടമെന്നും വ്യത്യസ്ത അഭിപ്രായമുളളവരെ അക്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട് ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ എതിരാളികളില്‍ നിന്നും നേരിടുന്ന അക്രമങ്ങളെക്കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ച വേണം. കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവര്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. അക്രമങ്ങള്‍ക്ക് ഇരയാകുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യാവകാശലംഘനങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ടെങ്കിലും ബിജെപി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജനസേവ എന്നാല്‍ ദൈവസേവ എന്ന ആശയമാണ് ബിജെപിയെ നയിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജനസംഘത്തിലൂടെ തുടങ്ങിവെച്ച യാത്രയാണ് ബിജെപിയെ ഭരണത്തിലെത്തിച്ചത്. ആശയങ്ങളില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാതെ 50 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് ബിജെപി അധികാരത്തിലെത്തിയത് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനസംഘം വിളക്കിന്റെ ശക്തിയിലാണ് വളര്‍ന്നത്. ബിജെപി സൂര്യന്റെ ശക്തിയിലാണ് വളര്‍ന്നു നില്‍ക്കുന്നത്. താമര വിരിഞ്ഞ് നില്‍ക്കുന്നത് സൂര്യതേജസിലാണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ സര്‍വജനക്ഷേമത്തിനായാണ് പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ ഒരു വ്യക്തിയും തൊട്ടുകൂടായ്മ അനുഭവിക്കരുത്. മതേതരത്വത്തെ വികൃതമായിട്ടാണ് ഇക്കാലത്ത് ചിത്രീകരിച്ചുവരുന്നത്. മുസ്ലീങ്ങളെ വോട്ടുബാങ്കായി കാണുകയോ വേര്‍തിരിച്ചുനിര്‍ത്തുകയോ അല്ല അവരെ നമ്മളില്‍ ഒരാളായി കാണണമെന്നാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞത്. സബ് കാ സാത്ത് സബ്കാ വികാസ് എന്നതിന്റെ ലക്ഷ്യം സമൂഹത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിയുടെയും ഉന്നമനം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദളിതരുടെയും പിന്നാക്കം നില്‍ക്കുന്നവരുടെയും സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്. രാജ്യത്തെ 38 ശതമാനം ജനങ്ങള്‍ യുവാക്കളാണ്. അത്തരമൊരും രാജ്യത്തിന്റെ സ്വപ്നങ്ങളും കരങ്ങളും യുവത്വം നിറഞ്ഞതാകണം. സ്വാതന്ത്ര്യം ലഭിച്ച ശേഷം ചില നേതാക്കളുടെ രാഷ്‌ട്രീയ ജീവിതത്തില്‍ മൂല്യച്യുതി ഉണ്ടായി. ഇത് ജനാധിപത്യത്തിന് അപകടമാണ്. സാധാരണ ജനങ്ങളുടെ മനസ്സിലേക്ക് വീണ്ടും ചെന്നിറങ്ങി ജനാധിപത്യത്തിലുളള വിശ്വാസം പുനഃസ്ഥാപിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതാപനം വലിയ വിഷയമാണ്. പ്രകൃതി വിഭവങ്ങള്‍ നഷ്ടപ്പെട്ടാല്‍ പരിസ്ഥിതി സന്തുലനം താളംതെറ്റും. പാരീസ് ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പാരീസ് കാലാവസ്ഥാ ഉടമ്പടി ഇന്ത്യ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.