കോഴിക്കോട്: രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കശ്മീര്‍ വിഷയത്തില്‍ ഉറച്ച നിലപാട് ആവര്‍ത്തിച്ച് ബിജെപി. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഒരു ശക്തിക്കും അത് അടര്‍ത്തി മാറ്റാന്‍ കഴിയില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മിരില്‍ യാതൊരു വിട്ടുവിഴ്ചയ്‌ക്കും തയാറല്ല. എന്ത് വിലകൊടുത്തും രാജ്യത്തിന്റെ അതിര്‍ത്തികാക്കും. ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കാത്തവരുമായി വിഷയത്തില്‍ ചര്‍ച്ചയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
ഉറി ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രത്യേക പ്രസ്താവനയും അമിത് ഷാ അവതരിപ്പിച്ചു. ധീര ജവാന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച അദ്ദേഹം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു.
കേരളം ബിജെപിക്ക് പുണ്യഭൂമിയാണെന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ കൗണ്‍സിലിനെ അമിത്ഷാ അഭിസംബോധന ചെയ്തത്. 50വര്‍ഷം മുന്‍പ് കോഴിക്കോട് വെച്ചാണ് പണ്ഡിറ്റ്് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജനസംഘം അദ്ധ്യക്ഷനായത്. ഇന്ത്യയെ അതിവേഗം വളര്‍ത്തുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു .പ്രതിപക്ഷത്തിന് ഒരു അഴിമതി പോലും ഉന്നയിക്കാന്‍ കഴിയാത്ത തരത്തിലാണ് സര്‍ക്കാരിന്റെ വളര്‍ച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടുമെന്നും അമിത്ഷാ പറഞ്ഞു.