കൊച്ചി: കെ.എം മാണിയ്ക്കെതിരെ കുരുക്ക് മുറുക്കി വിജിലൻസ്. കോഴി കോഴക്കേസിൽ മാണിയ്‌ക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ തെളിവ് നൽകി. 64കോടി രൂപയുടെ നികുതി പിരിവ് മാണി സ്റ്റേ ചെയ്തെന്നാണ് ഹൈക്കോടതിയിൽ സത്യവാങ്‍മൂലം നൽകിയിരിക്കുന്നത്.
സത്യവാങ്മൂലത്തിനൊപ്പം കേസിനെ ബലപ്പെടുത്തുന്ന ശക്തമായ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. തൃശ്ശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോഴി വ്യാപാരസ്ഥാപനത്തിന് 62 കോടി രൂപയുടെ ഇളവു നൽകാൻ കെ.എം.മാണി നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് കേസ്. അഞ്ചു ലക്ഷം രൂപയ്‌ക്കു മുകളിൽ നികുതിയിളവു നൽകാൻ മുഖ്യമന്ത്രിക്കു മാത്രമേ അധികാരമുള്ളൂവെന്ന സാഹചര്യത്തിലാണ് ധനമന്ത്രിയായിരുന്ന മാണി ചട്ടവിരുദ്ധമായി നികുതിയിളവു നൽകുകയും, അതു വഴി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി വയ്‌ക്കുകയും ചെയ്തത്.
കെ.എം.മാണിയുടെ ഇടപെടലിനേത്തുടർന്ന് 64 കോടി രൂപയുടെ നികുതി സ്റ്റേ ചെയ്തു. പിഴ സംഖ്യ സ്റ്റേ ചെയ്തതായി മാണി ഫയലിൽ രേഖപ്പെടുത്തി റവന്യൂ മന്ത്രിക്കു കൈമാറുകയും, ഇക്കാര്യം റവന്യൂ റിക്കവറി ചുമതലയുള്ള മുകുന്ദപുരം തഹസീൽദാരെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖകളാണ് വിജിലൻസ് ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.