ലക് നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുളള പ്രചാരണപരിപാടിക്കെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റോഡ് ഷോയ്‌ക്കിടെ ചെരിപ്പേറ്. ഉത്തര്‍പ്രദേശിലെ സിതാപൂരിലായിരുന്നു സംഭവം.
രാഹുല്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. ചെരിപ്പ് രാഹുലിന്റെ ദേഹത്ത് പതിച്ചില്ല. സംഭവത്തില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട ഹരി ഓം മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരുടെ പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നാടകങ്ങളില്‍ മനംമടുത്താണ് തന്റെ പ്രവര്‍ത്തിയെന്ന് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രകടിപ്പിക്കുന്ന അനുഭാവമായി രാഹുലിന്റെ കര്‍ഷകസ്‌നേഹം മാറിയിരിക്കുകയാണെന്ന ആക്ഷേപം ബിജെപി നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിസാന്‍ യാത്ര ഉള്‍പ്പെടെയുളള പരിപാടികള്‍ രാഹുല്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചെങ്കിലും മുന്‍പത്തേതുപോലെ ജനപങ്കാളിത്തം ഇല്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
രാഹുല്‍ സംഘടിപ്പിച്ച ഘാട്ട് സഭകളില്‍ കട്ടില്‍(ഘാട്ട്) എടുക്കാന്‍ വേണ്ടി മാത്രം ആളുകള്‍ എത്തിയിരുന്നത് നേരത്തെ വാര്‍ത്തയാകുകയും കോണ്‍ഗ്രസിന് നാണക്കേടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് ചെരിപ്പേറും നേരിടേണ്ടി വന്നത്.