തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കല്ലേറ്. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരിക്കേറ്റു.
ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ കെഎസ്യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും ജനം ടി വി ക്യാമറാമാന് അരുണ്‍ നായര്‍ക്കും പരിക്കേറ്റു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കെഎസ് യുവും വിഷയം ഏറ്റുപിടിച്ചത്.
സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ് യു പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം നടത്തിയ പ്രകടനത്തില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കടന്നതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിഷയം രാവിലെ നിയമസഭയിലും ചര്‍ച്ചയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ സീറ്റുകളില്‍ മെറിറ്റ് സീറ്റില്‍ 1.85 ലക്ഷമായിരുന്ന ഫീസ് 2.50 ലക്ഷമായി സര്‍ക്കാര്‍ ഉയര്‍ത്തിയെന്നും എന്‍.ആര്.ഐ സീറ്റിലും, മാനേജ്മെന്റ് സീറ്റിലും ആനുപാതികമായി ഫീസ് വര്‍ദ്ധനയുണ്ടായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. ഇതിനായി ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.