തിരുവനന്തപുരം: സ്വാശ്രയമാനേജ്മെന്റ് വിഷയത്തിൽ ഇന്നലെ കെ.എസ്.യു പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റു പടിക്കൽ നടത്തിയ സമരത്തിൽ, പൊലീസ് മർദ്ദനത്തിൽ രക്തം വന്നതായി കാണിക്കാൻ പ്രവർത്തകർ ഉപയോഗിച്ചത് ചുവന്ന മഷി!
ഒഴിഞ്ഞ മഷിക്കുപ്പികളുടെ ചിത്രം ‘സമരഭൂമിയിൽ’ നിന്നും മാദ്ധ്യമപ്രവർത്തകർ ഒപ്പിയെടുത്തത് യുവരക്തങ്ങളെ പരുങ്ങലിലാക്കിയിരിക്കുകയാണ്. ‘ഇതു ഞങ്ങളുടെ രക്തമല്ല, ഞങ്ങളുടെ രക്തം ഇങ്ങനെയല്ല‘ എന്ന നിലപാടാണ് കുട്ടിക്കോൺഗ്രസ്സുകാർ സ്വീകരിച്ചിരിക്കുന്നത്. അഭിമാനികളും ധീരന്മാരുമായ തങ്ങളെ അപമാനിക്കാൻ വേണ്ടി കേരളാ പൊലീസ് മനഃപൂർവ്വം മഷിക്കുപ്പി കൊണ്ടിട്ടതാണെന്നും പരിഭവങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, പിണറായിപ്പോലീസിന്റെ കയ്യിൽ നിന്നും രണ്ടു തല്ലു വാങ്ങി ഒരൽപ്പം ചോര പൊടിയാൻ ഇത്ര കഷ്ടപ്പെടേണ്ടതുണ്ടോ, പാഠപുസ്തകം തന്നില്ലെങ്കിലും ‘ചോരക്കാര്യത്തിൽ’ സർക്കാർ പിശുക്കു കാട്ടുമോ എന്ന ഭാവമാണ് മറുപക്ഷത്തിന്.
മേലനങ്ങാതെ കാര്യം സാധിക്കാനും, എന്തു ചെയ്താലും അതിലെല്ലാം നാട്ടുകാരെ ചിരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ചേരുവ കലർത്താനും നമ്മുടെ കെ.എസ്.യുക്കാരല്ലാതെ മറ്റാരുണ്ടെന്ന ചിന്തയാണ് പൊതുജനങ്ങളിൽ ചിലർ പങ്കു വയ്ക്കുന്നത്. ഉദാഹരണമായി, പണ്ട് കോലം കത്തിക്കാനൊരുങ്ങി സ്വന്തം മുണ്ടിനു തീ പിടിച്ച് ഉടുമുണ്ടില്ലാതെ ഓടിയ കെ.എസ്.യു പോരാളികളുടെ കഥയും ചിലർ ഓർത്തെടുത്ത് വീണ്ടും ചിരിക്കുന്നു. ഇതു വല്ലതും അരസികന്മാരായ മാദ്ധ്യമപ്രവർത്തകർക്കു മനസ്സിലാകുമോ എന്നാണ് സഹൃദയർ ചോദിക്കുന്നത്.