തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും. സ്വാശ്രയ കരാറിനുപിന്നിൽ കോഴയെന്ന് ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സഭാനടപടികൾ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സ്പീക്കർ സഭാനടപടികൾ നിർത്തി വയ്‌ക്കുകയായിരുന്നു.
അതേസമയം, സ്വാശ്രയ വിഷയത്തിൽ സുപ്രീംകോടതി വിധിക്കനുസരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം . ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സഭയ്‌ക്കകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
വിഷയത്തിൽ, ഇന്നലെ സഭയ്‌ക്കകത്ത് ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിൽ വാക്‌പോരു നടന്നിരുന്നു. അതേത്തുടർന്നാണ് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നത്. വിഷയത്തിൽ കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധസമരം സംഘർഷത്തിൽ കലാശിച്ചു.