ന്യൂഡൽഹി: ഭാരതീയ വായു സേനയുടെ പശ്ചിമ സേനാമുഖം ഉൾപ്പെടെ അതീവ ജാഗ്രതയിലെന്ന് റിപ്പോർട്ടുകൾ. സേനയുടെ പ്രീമിയർ ഓപ്പറേഷണൽ കമാന്റും, പശ്ചിമ സേനാമുഖവും ഉൾപ്പെടുന്ന 18 വ്യോമാസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധവ്യൂഹമാണ് അതീവജാഗ്രതാനിർദ്ദേശത്തേത്തുടർന്ന് യുദ്ധ പരിശീലനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഉറി ആക്രമണത്തേത്തുടർന്ന് അതിർത്തിയിൽ യുദ്ധഭീതി നിഴലിക്കുന്ന സാഹചര്യത്തിലാണ് ഏതു സാഹചര്യത്തേയും നേരിടുന്നതിനായി സേന സജ്ജമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീനഗർ മുതൽ ബിക്കനീർ വരെയുള്ള സൈനിക താവളങ്ങളിലും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
’എക്സർസൈസ് ടാലോൺ‘ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത് പശ്ചിമസേനാമുഖത്തിന്റെ ആകാശയുദ്ധത്തിലെ ആക്രമണ-പ്രത്യാക്രമണക്ഷമത കൂടുതൽ കരുത്താർജ്ജിക്കുക എന്നതാണ്. ജമ്മു കശ്മീർ മുതൽ രാജസ്ഥാൻ വരെ നീണ്ടു കിടക്കുന്ന മേഖലകളുടെ സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ ഇതു വഴി സാധിക്കുമെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.
നാലു ദിവസത്തെ യുദ്ധപരിശീലനത്തിൽ ആകാശ-ഭൗമ പ്രതിരോധ തന്ത്രങ്ങൾ സൈന്യം വിപുലീകരിക്കും. ഇത് രണ്ടാം തവണയാണ് ഈ മാസം തന്നെ വ്യോമസേന ഇത്തരത്തിൽ സൈനികാഭ്യാസം നടത്തുന്നത്. ഇത്ര കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടു പ്രാവശ്യം സൈന്യം യുദ്ധതന്ത്രങ്ങൾ അഭ്യസിക്കുന്നത് വളരെ അസാധാരണമാണെന്നു വിലയിരുത്തപ്പെടുന്നു. പാകിസ്ഥാന്റെ എഫ്16 അടക്കമുള്ള പോർവിമാനങ്ങൾ ആക്രമണോന്മുഖമായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കം കൂടിയായി ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.
778 കിലോമീറ്റർ നീളുന്ന ഇന്ത്യാ-പാക് നിയന്ത്രണ രേഖയോടടുപ്പിച്ച് ഏതു സാഹചര്യത്തെയും നേരിടാൻ തക്ക സൈനിക-ആയുധസന്നാഹങ്ങൾ സൈന്യം നേരത്തേ മുതൽ സമാഹരിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വെസ്റ്റേൺ കമാന്റ് ചീഫ് ലഫ്റ്റനന്റ് ജനറൽ സുരീന്ദർ സിംഗ് കഴിഞ്ഞയാഴ്‌ച്ച പഠാൻകോട്ട്, ഉറി അടക്കമുള്ള വിവിധ സൈനികതാവളങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി, അതീവജാഗ്രത പുലർത്തുന്നതിന് നിർദ്ദേശം നൽകിയിരുന്നു. എല്ലാ സേനാ ഉദ്യോഗസ്ഥരും കുറഞ്ഞ കാലപരിധിക്കുള്ളിൽ തങ്ങളുടെ സേനാ ആസ്ഥാനത്തെത്താൻ ഉത്തരവ് നൽകിയിട്ടുള്ളതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇതോടൊപ്പം ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനങ്ങളും, ഡ്രോണുകളും വിന്യസിക്കുന്നതിനും സൈന്യം പദ്ധതിയിട്ടിട്ടുണ്ട്. ശ്രീനഗർ, ലേ, തോയിസ്, അവന്തിപൂർ, അംബാല, അമൃത്‌സർ, ഹൽവാര, നാൽ പ്രദേശങ്ങളിൽ നിശിത നിരീക്ഷണം സാദ്ധ്യമാക്കുന്നതിനു ഡ്രോണുകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഒരു യുദ്ധമുണ്ടായാൽ, ആളപായം പരമാവധി കുറയ്‌ക്കുന്നതിനായി റൺവേകൾ ചാര വിമാനങ്ങളിൽ നിന്നും, ഉപഗ്രഹങ്ങളിൽ നിന്നും മറച്ചു വയ്‌ക്കുന്നതടക്കമുള്ള പദ്ധതികളും, ശത്രുവിന്റെ കടന്നു കയറ്റം ദുർഘടമാക്കുന്നതിനുള്ള മറ്റു സാങ്കേതിക സജ്ജീകരണങ്ങളും സൈന്യം ആവിഷ്കരിക്കുന്നുണ്ട്. റഡാറുകളും, ഓട്ടോമേറ്റഡ് എയർ കമാന്റ് ആന്റ് കണ്ട്രോൾ സിസ്റ്റവും ഉൾപ്പെടുന്ന സേനയുടെ സാങ്കേതിക ശൃംഘലകളും അതീവ ജാഗ്രതയിലാണ്.