കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്്ഡില്‍ പുറത്തുവന്നത് 840 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാടുകള്‍. മുത്തൂറ്റിന്റെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ തുക ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വ്യാപകമായ ക്രമക്കേടുകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. വന്‍തോതിലുളള ബിനാമി ഇടപാടുകളും കണ്ടെത്തിയിരുന്നു. പൊതുപ്രവര്‍ത്തകരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നും സംശയകരമായ അക്കൗണ്ടുകളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു.
വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാടിലാണ് ആദായനികുതി വകുപ്പ്. അതേസമയം വിജിലന്‍സ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുത്തൂറ്റില്‍ നിക്ഷേപമുളള പൊതുപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് പ്രണബ് കുമാര്‍ ദാസ് വ്യക്തമാക്കി. ഈ വിവരങ്ങള്‍ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കൈമാറാന്‍ കഴിയില്ല. വ്യക്തമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ ഇത്തരം വിവരങ്ങള്‍ നല്‍കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലുമുളള മുത്തൂറ്റിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യാപക പരാതികളെ തുടര്‍ന്നായിരുന്നു പരിശോധന. സ്വര്‍ണപ്പണയം ലേലം ചെയ്യുന്നതില്‍ ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.