ചെന്നൈ : ഹിന്ദു നേതാക്കളുടെ അരുംകൊലകൾ തുടരുന്നതിനൊപ്പം തമിഴ്നാട്ടിൽ ബിജെപി നേതാവിനു നേരേ വധഭീഷണിയും. ബിജെപി രാമനാഥപുരം ജില്ലാ പ്രസിഡന്റ് കെ മുരളീധരന് നേരേയാണ് അജ്ഞാതരുടെ വധഭീഷണി ഉയർന്നത് . കോയമ്പത്തൂരിൽ ഹിന്ദുമുന്നണി നേതാവ് സി ശശികുമാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് അധിക ദിവസമാകുന്നതിനു മുൻപാണ് ഭീഷണി.
ബിജെപിയേയും നിങ്ങളേയും നിശബ്ദരാക്കാൻ ഇസ്ളാമാബാദിൽ നിന്നുള്ള നല്ല മരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള ഭീഷണിക്കത്ത് രാമനാഥപുരം ജില്ല പ്രസിഡന്റിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് അയച്ചിരിക്കുന്നത്. എന്നാൽ ഇത്തരം ഭീഷണികൾ ജനസേവനത്തിൽ നിന്നും തന്നെയും ബിജെപിയേയും പിന്തിരിപ്പിക്കില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് മുരളീധരൻ രാമേശ്വരം ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി . സുരക്ഷയ്‌ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഭീഷണിയെപ്പറ്റി അന്വേഷണം ആരംഭിച്ചെന്നും പോലീസ് സൂപ്രണ്ട് എം മണിവണ്ണൻ പറഞ്ഞു.
തമിഴ്നാട്ടിൽ ഹിന്ദു നേതാക്കളെ അരുംകൊല ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ മുരളീധരന് നേരേയുള്ള ഭീഷണി അധികൃതർ ഗൗരവത്തോടെ കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി യുടെയും ഹിന്ദു മുന്നണിയുടേയും സംസ്ഥാന ചുമതലയുള്ള നേതാക്കളുൾപ്പെടെയുള്ളവർ സമീപകാലത്ത് കൊല്ലപ്പെട്ടിരുന്നു . അൽ ഉമ്മ അടക്കമുള്ള ജിഹാദി ഭീകര സംഘടനകളാണ് എല്ലാ കൊലപാതകങ്ങളിലും പ്രതിസ്ഥാനത്തുള്ളത്.