കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്്‌യു പ്രവര്‍ത്തകര്‍ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടി. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനത്തിനായി കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വരുമ്പോഴായിരുന്നു പിണറായിക്കെതിരേ പ്രതിഷേധം നടന്നത്.
മുഖ്യമന്ത്രിയുടെ വാഹനം വന്നതോടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഹോട്ടല്‍ കവാടത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. മുഖ്യമന്ത്രി അകത്തേക്ക് പോയതിന് ശേഷവും പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തനിക്കെതിരേ കരിങ്കൊടി കാട്ടിയത് ചാനലുകള്‍ വാടകയ്‌ക്ക് എടുത്തവരാണെന്ന പിണറായിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് വീണ്ടും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. തനിക്കെതിരേ കരിങ്കൊടി കാട്ടിയത് ചാനലുകള്‍ വാടകയ്‌ക്ക് എടുത്തവരാണെന്ന് വൈകിട്ടും പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു.