ബംഗളൂരു: കാവേരി നദീ ജലം തർക്കത്തിൽ കർണ്ണാടക ഇന്ന് സുപ്രീം കോടതിയെ നിലപാട് അറിയിക്കും, അതിനിടെ വെള്ളം വിട്ട് നൽകണമെന്ന സുപ്രിംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ കർണ്ണാടകയിൽ സർവ്വകക്ഷി യോഗവും പ്രത്യേക മന്ത്രി സഭാ യോഗവും ചേരും.
തമിഴ്നാടിന് 6000 ഘനയടി വെളളം വിട്ടുനൽകണമെന്ന് സുപ്രീംകോടതി വീണ്ടും ഉത്തരവിട്ട സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കർണ്ണാടകയിൽ സർവ്വകക്ഷി യോഗവും പ്രത്യേക മന്ത്രി സഭാ യോഗവും ചേരുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് സർവ്വകക്ഷി യോഗം ഇതിന് ശേഷം മന്ത്രിസഭാ യോഗവും ചേരും.
വെളളം വിട്ടു നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കർണ്ണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്നാടിന് വെളളം വിട്ട് നൽകണമെന്ന് കർണ്ണാടകയോട് കോടതി നിർദ്ദേശിച്ചു. അതിനിടെ കോടതി ഉത്തരവ് നിലനിൽക്കേ കാവേരി വിഷയത്തിൽ കർണ്ണാടക നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ കോടതി വിമർശിച്ചു.
കാവേരി വിഷയത്തിൽ സമവായം കണ്ടെത്താൻ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ചർച്ചയ്‌ക്ക് വിളിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ചർച്ച സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. കേസ് വെളളിയാഴ്‌ച്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കർണ്ണാടക പ്രത്യേക മന്ത്രിസഭായോഗവും സർവ്വകക്ഷി യോഗവും ഇന്ന് ചേരുന്നത്.