ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ പ്രകോപനരഹിതമായ അക്രമങ്ങളെയും നേരിടാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനം. നീതി ആയോഗാണ് പുതിയ വെല്ലുവിളികളെ നേരിടാൻ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത്. ലേസർ സാങ്കേതികവിദ്യ ഉപയോഗം നീതി ആയോഗിന്റെ ദർശനരേഖയിൽ ഇടംപിടിക്കുമെന്നാണ് സൂചന.
ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്. ഇതേ ആനുകൂല്യം, ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുന്ന പാക് സൈനികരും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവ തടയാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് നീതി ആയോഗ് പദ്ധതിയിടുന്നത്.
അക്രമിയെ കണ്ടെത്താനും പിന്തുടർന്ന് വകവരുത്താനും ലേസർ സാങ്കേതികവിദ്യ ഉപകരിക്കും. ആയുധങ്ങളിൽ ഘടിപ്പിക്കുന്ന സെൻസറുകൾ ആണ് അക്രമിയെ പിന്തുടരാൻ സഹായിക്കുന്നത്. അക്രമി ഒളിച്ചാലും ബങ്കറിൽ ഒളിച്ചാലും രക്ഷയില്ല എന്നർത്ഥം. യുദ്ധവിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ലോക്ക്, ആം ആന്റ് ഷൂട്ട് രീതിയാകും സ്നിപ്പർ തോക്കുകളിലും മറ്റും ഉപയോഗിക്കുക എന്ന് സൂചനയുണ്ട്.
വിദേശ രാജ്യങ്ങളിൽ ലേസർ സാങ്കേതികവിദ്യയെ കുറിച്ച് ഏറെ ഗവേഷണം നടക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ ചെലവ് കുറയ്ക്കാനും ആൾനാശം ഒഴിവാക്കാനും ലേസർ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷ.
12-ാം പഞ്ചവത്സര പദ്ധതി ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 15 വർഷത്തേക്കുളള ദർശനരേഖ തയ്യാറാക്കുകയാണ് നീതി ആയോഗ്. ലേസർ സാങ്കേതികവിദ്യയുടെ ഉപയോഗം ദർശനരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.