ആഗോള മത്സര ക്ഷമതാ സൂചികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. ലോക സാമ്പത്തിക ഫോറമാണ് സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ലോക സാമ്പത്തിക ഫോറം പുറത്ത് വിട്ട 2016 -2017ലെ ആഗോള മത്സര ക്ഷമതാ സൂചിക റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ച വ്യക്തമാക്കുന പുതിയ കണക്ക്. 16സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39ആം സ്ഥാനത്താണ് പുതിയ കണക്ക് പ്രകാരം ഇന്ത്യയുടെ സ്ഥാനം. 138 രാജ്യങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ പുത്തൻ ഉണർവ്വാണ് ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, അടക്കമുള്ള മേഖലയിൽ വൻ മുന്നേറ്റമാണ് രാജ്യം കൈവരിച്ചത്. ഇന്ത്യയുടെ മുന്നേറ്റം ലോക സാമ്പത്തിക രംഗത്തെ പോലും അതിശയിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തേക്കുള്ള വിദേശനിക്ഷേപത്തിലും അന്തരാഷ്ട്ര വ്യാപാരത്തിലും ഉണ്ടായ വർദ്ധന സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തി. 2014-15ൽ 71ആം സ്ഥാനത്തും 2015-16 ൽ 55-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. നിലവിലെ വളർച്ച തുടർന്നാൽ ഇന്ത്യ അടുത്ത വർഷങ്ങളിൽ വൻ വളർച്ച നേടുമെന്നും റിപ്പോർട്ട് എടുത്ത് പറയുന്നു.
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ലോക രാജ്യങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് ഈ നേട്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തി.