ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിൽ സ്വാശ്രയ മാനേജ്മെന്‍റുകൾ സ്വന്തം നിലയ്‌ക്ക് കൗൺസലിംഗ് നടത്തുന്നതിനെതിരേ കേന്ദ്രം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൗൺസലിംഗ് നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനവും കേന്ദ്രത്തിന് അനുകൂലമായ നിലപാടാകും സ്വീകരിക്കുക.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് സ്വന്തം നിലയ്‌ക്ക് കൗൺസലിംഗിന് അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കൗൺസിലിംഗ് നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നതാണ് കേന്ദ്രത്തിന്‍റെ നിലപാട്. പ്രവേശനത്തിൽ ഏകീകൃത മാനദണ്ഡം ഉറപ്പിക്കാനാണ് മെഡിക്കൽ പ്രവേശനത്തിൽ നീറ്റ് നടപ്പാക്കിയത്. കോളേജുകൾ സ്വന്തം നിലയ്‌ക്കാണ് കൗൺസലിംഗ് നടത്തുന്നതെങ്കിൽ നീറ്റ് നടപ്പാക്കിയതിന്‍റെ ഉദ്ദേശലക്ഷ്യം തന്നെ ഇല്ലാതാകുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.
മാഹാരാഷ്‌ട്രയിൽ സ്വകാര്യ മെഡിക്കൽ മാനേജ്മെന്‍റുകൾക്ക് സ്വന്തം നിലയ്‌ക്ക് പ്രവേശനത്തിന് അനുമതി നൽകിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഇതിൽ ഇന്ന് ഉത്തരവുണ്ടുകുമെന്നാണ് കരുതുന്നത്. മാനേജുമെന്‍റുകളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഏകീകൃത കൗൺസലിംഗ് എന്ന കേന്ദ്ര നിലപാട് തന്നെയാകും സംസ്ഥാനം സുപ്രീംകോടതിയിൽ സ്വീകരിക്കുക.