ന്യൂഡൽഹി: അതിർത്തിരക്ഷാസേനയിൽ സ്വന്തം നിയന്ത്രണത്തിൽ വ്യോമകമാന്റും ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച് പ്രതിരോധവിഭാഗം, സിവിൽ വ്യോമയാനം, തീരസംരക്ഷണസേന, തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും ആഭ്യന്തരമന്ത്രാലയം വിദഗ്‌ദ്ധോപദേശം ക്ഷണിച്ചിട്ടുണ്ട്.
നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, വിവിധ മന്ത്രാലയങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. നിലവിൽ അതിർത്തിരക്ഷാസേനയ്‌ക്ക് സ്വന്തമായി വ്യോമസംവിധാനം ഉണ്ടെങ്കിലും ഇത് സേനയുടെ പൂർണ്ണ നിയന്ത്രണത്തിലല്ല. പുതിയ ഭേദഗതിയോടെ അതിർത്തിരക്ഷാസേനയുടെ പരിപൂർണ്ണ നിയന്ത്രണത്തിലുള്ള വ്യോമവിഭാഗമാവും ഉണ്ടാവുക.
നിലവിലെ അതിർത്തിരക്ഷാസേനയുടെ വ്യോമവിഭാഗത്തിൽ, വ്യോമസേനയിൽ നിന്നും ഡെപ്യൂട്ടേഷനിൽ വരുന്ന പൈലറ്റുമാരാണ് സേവനം അനുഷ്ഠിച്ചു പോരുന്നത്. പൂർണ്ണ നിയന്ത്രണത്തിലുള്ള വ്യോമസേനാകമാന്റ് സ്വന്തമാകുന്നതോടെ അതിർത്തി സുരക്ഷയിൽ നിർണ്ണായകമായ മുന്നേറ്റം കൈവരിക്കുന്നതിന് അതിർത്തിരക്ഷാസേനയ്‌ക്കു കഴിയും.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന 2,500 കിലോമീറ്റർ പ്രദേശത്തെ സുരക്ഷ ശക്തമാക്കാൻ ഇതു വഴി ബി.എസ്.എഫിനു കഴിയും. ഇതു കൂടാതെ മയക്കുമരുന്ന് കടത്തും, നുഴഞ്ഞു കയറ്റവും, അതിർത്തി കടന്നുള്ള തീവ്രവാദവും രൂക്ഷമായ ഇന്ത്യാ-പാക് അതിർത്തിപ്രദേശങ്ങളിലെ ബി.എസ്.എഫ് ഔട്ട് പോസ്റ്റുകൾ ആധുനികവത്കരിക്കാനും ഇവിടങ്ങളിൽ നൂതന സംവിധാനങ്ങൾ ഉപയോഗിക്കാനും ആഭ്യന്തരമന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.
അതിർത്തിയിലെ നിലവിലെ ബി.എസ്.എഫ് വിന്യാസം ശക്തിപ്പെടുത്താനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കൂടുതൽ ബറ്റാലിയനുകളെ പ്രദേശത്തു വിന്യസിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഊർജ്ജിതപ്പെടുത്തും. ഇതു കൂടാതെ സേനാംഗങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങളിൽ വർദ്ധന വരുത്താനും, അതിർത്തിരക്ഷാദൗത്യത്തിനിടെ വീരമൃത്യു വരിക്കുന്ന ബി.എസ്.എഫ് ഭടന്മാർക്ക്, യുദ്ധത്തിൽ വീര്യമൃത്യു വരിച്ചവർക്കു തുല്യമായ പരിഗണന നൽകാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതോടെ അതിർത്തിരക്ഷാസേനയിൽ കൂടുതൽ ഉണർവ്വും, ശക്തിയും കൈവരുമെന്നും രാജ്യം പ്രതീക്ഷിക്കുന്നു.