ന്യൂഡൽഹി: കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിൽ സുപ്രീം കോടതി ഇടപെടില്ല. പ്രവേശന നടപടികൾ സർക്കാർ അനുമതിയോടെ പൂർത്തിയായ സാഹചര്യത്തിൽ പ്രവേശന വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രവേശന നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ്ങ് സംവിധാനത്തിലൂടെ പ്രവേശനം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിങ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനത്തിൽ സ്വന്തം നിലക്ക് കൗൺസിലിങ്ങ് നടത്താൻ അനുമതി നല്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കൽ പ്രവേശനത്തിൽ ഏകീകൃത കൗൺസിലിങ്ങ് സംവിധാനം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമർപ്പിച്ചത്. എന്നാൽ പ്രവേശന നടപടികളെല്ലാം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചതായി സ്വകാര്യ മാനേജുമെന്റുകൾ കോടതിയെ അറിയിച്ചു. ഇതോടെ പ്രവേശന നടപടികൾ സർക്കാർ അനുമതിയോടെ പൂർത്തിയായ സാഹചര്യത്തിൽ പ്രവേശന വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എന്നാൽ ഇനിയും പ്രവേശന നടപടികൾ പൂർത്തിയാക്കാത്ത സീറ്റുകളുണ്ടെങ്കിൽ അവയിൽ ഏകീകൃത കൗൺസിലിങ്ങ് സംവിധാനത്തിലൂടെ തന്നെ പ്രവേശനം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൗൺസിലിങ്ങ് അനുമതി നൽകിയ ഹൈക്കൊടതിയുടെ ഉത്തരവ് ഇടക്കാല ഉത്തരവാണെന്നും കൗൺസിലിങ്ങ് നിയമപരമാണോ എന്നത് ഹൈക്കോടതി തന്നെ പരിശോധിക്കട്ടേയെന്നും സുപ്രീം കോടതി വ്യക്തമാക്കി.