കൊച്ചി: സംസ്ഥാനത്ത് ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് പുലര്‍ത്തുന്നത്. കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി കേരളം പാകപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിച്ചു വരികയാണ്. ദളിത് അക്രമസംഭവത്തില്‍ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മുതലാളി വര്‍ഗത്തിന് വേണ്ടിയാണ് പിണറായി സർക്കാർ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന ദളിത് പീഡനങ്ങളില്‍ പ്രതികരിക്കുന്ന ചില സാംസ്കാരിക പ്രവര്‍ത്തകര്‍ കേരളത്തില്‍ പട്ടിണി മരണം സംഭവിച്ചിട്ടും നിശബ്ദത പാലിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമാണ് നിലവില്‍ രൂപപ്പെടുന്നത്. ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പ്രത്യേക പഠനശിബിരം സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തെ സാധാരണക്കാരില്‍ എത്തിക്കുവാന്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.