കൊച്ചി: തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിനെതിരേ വി.ഡി.സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നു തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിനെതിരേ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ വി.ഡി.സതീശൻ.
“ഹർത്താലുകൾ ജനവിരുദ്ധമാണെന്ന മുൻ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് കൊണ്ടു തന്നെ ഇന്നത്തെ യു.ഡി.എഫ് ഹർത്താലിനോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി എല്ലാ രാഷ്‌ട്രീയ പാർട്ടികളും തുടർന്ന് പോരുന്ന ഈ കാലഹരണപ്പെട്ട സമരമാർഗ്ഗത്തോട് സമൂഹത്തിൽ ഉള്ളതു പോലെ കോൺഗ്രസിലും രണ്ടഭിപ്രായമുണ്ട്. ഹർത്താൽ വിരുദ്ധ പോരാട്ടത്തിൽ രാഷ്‌ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നത്. ഇന്നത്തെ യു.ഡി.എഫ് ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹർത്താൽ ഒഴിവാക്കപ്പെടേണ്ടത് തന്നെ ആയിരുന്നു എന്നാണ് എന്റെ നിലപാട്” അദ്ദേഹം തന്റെ ഫേസ് ബുക്കിൽ കുറിച്ചു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കേ ഹർത്താലിനെതിരേ പല കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.